യുപിയില്‍ ഇസ് ലാം സ്വീകരിച്ച റവന്യൂ ഓഫിസറെ സസ്‌പെന്റ് ചെയ്തു

Update: 2024-01-02 09:14 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഇസ് ലാം സ്വീകരിച്ചതിനു പിന്നാലെ റവന്യൂ ഓഫിസറെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. ഹമീര്‍പൂര്‍ ജില്ലയിലെ മൗദാഹ നഗരത്തില്‍ നായിബ് തഹസില്‍ദാറായി നിയമിക്കപ്പെട്ട റവന്യൂ ഓഫിസര്‍ ആശിഷ് ഗുപ്ത എന്ന മുഹമ്മദ് യൂസഫിനെയാണ് ഇസ് ലാം സ്വീകരിച്ചതിനു പിന്നാലെ തദ്സ്ഥാനത്തുനിന്ന് സസ്‌പെന്റ് ചെയ്തത്. മതപരിവര്‍ത്തനത്തെക്കുറിച്ചും ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തെ കുറിച്ചും അന്വേഷിക്കാനും സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു. വ്യാഴാഴ്ചയാണ് ആശിഷ് ഗുപ്തയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ കലക്‌ട്രേറ്റില്‍ അറ്റാച്ച് ചെയ്തിരിക്കുകയാണെന്ന് ഹമീര്‍പൂര്‍ എഡിഎം ഡോ. അരുണ്‍ മിശ്ര സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള റിപോര്‍ട്ട് അവലോകനത്തിനായി സര്‍ക്കാരിന് അയച്ചതായും അദ്ദേഹം പറഞ്ഞു.

    പ്രദേശത്തെ മസ്ജിദിലെ ഇമാം യുപി പോലിസിനെ അറിയിച്ചതോടെയാണ് ആശിഷ് ഗുപ്ത ഇസ് ലാം മതം സ്വീകരിച്ച വിവരം പുറത്തറിയുന്നത്. ഒരു അപരിചിതന്‍ കചാരിയ ബാബാ മസ്ജിദില്‍ വരികയും ദൈനംദിന നിര്‍ബന്ധിത പ്രാര്‍ഥനകളില്‍ ഏര്‍പ്പെടുന്നതും പ്രദേശത്തെ മുസ് ലിംകള്‍ നിരീക്ഷിച്ചു. കൂടുതല്‍ അന്വേഷണത്തിലാണ് നായിബ് തഹസില്‍ദാര്‍ ആശിഷ് ഗുപ്തയാണ് ഇസ് ലാം മതം സ്വീകരിച്ച് മുഹമ്മദ് യൂസഫ് എന്ന പേര് സ്വീകരിച്ചതെന്ന് വ്യക്തമായി. എന്നാല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ ഉത്തര്‍പ്രദേശിലെ കര്‍ശന നിയമങ്ങള്‍ കണക്കിലെടുത്ത് പള്ളി ഇമാം ഉടന്‍ തന്നെ പോലിസിനെയും ജില്ലാ ഭരണകൂടത്തെയും അറിയിച്ചു. തുടര്‍ന്ന് ആശിഷ് ഗുപ്തയ്‌ക്കെതിരേ ഭാര്യ കാണ്‍പൂര്‍ നിവാസിയായ ആരതി യഗ്യസൈനി സിറ്റി കോട്‌വാലി സ്റ്റേഷനില്‍ പരാതി നല്‍കി. റുഖ്‌സാര്‍ എന്ന സ്ത്രീയുമായി വിവാഹം കഴിക്കാന്‍ ഗുപ്തയെ മതം മാറാന്‍ നിര്‍ബന്ധിച്ചുെന്നാണ് ആരതി പരാതിയില്‍ ആരോപിക്കുന്നത്. ഡിസംബര്‍ 24ന് മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് മുസ് ലിം പള്ളിയിലെ പുരോഹിതനും റുഖ്‌സാറിന്റെ പിതാവ് മുന്നയും മറ്റുമാണെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. തുടര്‍ന്ന് ഇവര്‍ക്കെതിരേ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Tags:    

Similar News