സവര്‍ണ ജാതിയിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ച ദലിത് യുവാവിനെ ഭാര്യവീട്ടുകാര്‍ തല്ലിക്കൊന്നു

ഭാര്യയുടെ അമ്മ, രണ്ടാനച്ഛന്‍, സഹോദരന്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. യുവതിയുടെ വീട്ടുകാരില്‍നിന്നും ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും കൊല്ലപ്പെട്ട ജഗദീഷ് ചന്ദ്ര നേരത്തെ പോലിസിനോട് ആവശ്യപ്പെട്ടിരുന്നു.

Update: 2022-09-03 09:33 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ദലിത് യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ തല്ലിക്കൊന്നു. സവര്‍ണ ജാതിയില്‍പെട്ട യുവതി ദലിതനെ വിവാഹം ചെയ്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ഉത്തരാഖണ്ഡ് ഡിജിപി അറിയിച്ചു. ഭാര്യയുടെ അമ്മ, രണ്ടാനച്ഛന്‍, സഹോദരന്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. യുവതിയുടെ വീട്ടുകാരില്‍നിന്നും ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും കൊല്ലപ്പെട്ട ജഗദീഷ് ചന്ദ്ര നേരത്തെ പോലിസിനോട് ആവശ്യപ്പെട്ടിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയി കാറിലിട്ട് മര്‍ദിച്ചാണ് കൊലപ്പെടുത്തിയത്. ഒരുമാസം മുമ്പായിരുന്ന ജഗദീഷ് ചന്ദ്രന്റെ വിവാഹം.

പനുവധോഖാന്‍ നിവാസിയായ കെഷ്‌റാമിന്റെ മകന്‍ ജഗദീഷ് ചന്ദ്രയും ഭിക്കിയസൈന്‍ നിവാസിയായ ഗീതയും ഓഗസ്റ്റ് 21ന് ഗൈരാദ് ക്ഷേത്രത്തില്‍വച്ചാണ് വിവാഹിതരായത്. വിവാഹത്തിന് മുമ്പ് യുവതിയും തന്റെ രണ്ടാനച്ഛന്‍ ജോഗ സിങ്ങിനും അര്‍ദ്ധസഹോദരന്‍ ഗോവിന്ദ് സിങ്ങിനുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. ദലിതനെ വിവാഹം കഴിച്ചുവെന്ന് ആരോപിച്ച് ഇരുവരും ചേര്‍ന്ന് ജഗദീഷിനെ കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ജഗദീഷ് ഉത്തരാഖണ്ഡ് പരിവര്‍ത്തന്‍ പാര്‍ട്ടിയുടെ (യുപിപി) നേതാവും രണ്ട് തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള വ്യക്തിയുമാണെന്ന് ഇന്ത്യന്‍ എക്‌സപ്രെസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാഴാഴ്ച ജഗദീഷിന്റെ ഭാര്യവീട്ടുകാര്‍ ഇയാളെ ഭിക്കിയാസൈനില്‍ പിടികൂടി വാഹനത്തില്‍ കയറ്റി ബലമായി തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. തുടര്‍ന്ന് ജഗദീഷ് ക്രൂരമായി കൊലചെയ്യപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പോലിസ് എത്തിയെങ്കിലും വാഹനത്തില്‍ നിന്ന് രക്തത്തില്‍ കുളിച്ച ജഗദീഷിന്റെ മൃതദേഹം വൈകുന്നേരത്തോടെ കണ്ടെടുക്കുകയായിരുന്നു. വിവാഹം കഴിച്ചതുമുതല്‍ ജഗദീഷിനെതിരെ വലിയ ശത്രുതയായിരുന്നു ഗീതയുടെ കുടുംബം പുലര്‍ത്തിയിരുന്നത്. കൊലപാതകത്തിന് കാരണക്കാരനായ ഭാര്യാമാതാവ് ഭാവനാദേവി ഉള്‍പ്പെടെ മൂന്ന് പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല, ചുറ്റിക പോലുള്ള ആയുധം ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ജഗദീഷ് കൊല്ലപ്പെട്ടതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

Tags:    

Similar News