കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പരാജയം; ദുരഭിമാനം ഒഴിവാക്കണമെന്ന് വി ഡി സതീശന്‍

Update: 2021-08-26 10:29 GMT

പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊവിഡ് പ്രതിസന്ധിയോടൊപ്പം ഒരു സാമ്പത്തിക മാന്ദ്യംകൂടി വന്നിരിക്കുകയാണ്. ഇത് രണ്ടുംകൂടി പിടിച്ച് നില്‍ക്കാനാവാത്ത അവസ്ഥയിലാണ് ജനങ്ങള്‍. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സ്വാന്തനമായി ഉണ്ടാവണം. പ്രൈവറ്റ് ആശുപത്രികളെ കൂടി പങ്കാളികളാക്കി വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കണം. ഒച്ചിഴയുന്ന വേഗത്തിലാണ് വാക്‌സിന്‍ വിതരണം മുന്നോട്ട് പോകുന്നത്. സതീശന്‍ പറഞ്ഞു.

എന്ത് ചോദിച്ചാലും ആര്‍ക്കും മനസ്സിലാവാത്ത ചില കണക്കുകളാണ് സര്‍ക്കാര്‍ പറയുന്നത്. ആദ്യം പറഞ്ഞിരുന്നത് വാഷിംഗ്ടണ്‍ പോസ്റ്റിലും ന്യൂയോര്‍ക്ക് ടൈംസിലും എല്ലാം കേരളമാണ് ലോകത്ത് ഒന്നാം നമ്പര്‍ എന്നാണ്. എന്നാല്‍, ഇപ്പോള്‍ അത് പറയുന്നില്ല. കാരണം കേരളത്തിലെ രോഗികളുടെ എണ്ണം 38 ലക്ഷം കവിഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ച ആയിരക്കണക്കിന് പേരുടെ കണക്ക് ഔദ്യോഗിക രേഖകളില്‍ ഇല്ല. പൊള്ളയായ അവകാശവാദങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണിതെല്ലാം മറച്ച് വെക്കുന്നത്. എന്തിനാണ് സര്‍ക്കാരിന് ദുരഭിമാനമെന്നും വി ഡി സതീശന്‍ ചോദിച്ചു.

Tags:    

Similar News