പുതുച്ചേരി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രഭരണ പ്രദേശമാ പുതുച്ചേരിക്ക് അനുവദിച്ച 15,000 കോടി രൂപ ദുരുപയോഗം ചെയ്‌തെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിനെതിരേ മാനനഷ്ടക്കേസ് നല്‍കുമെന്ന് മുന്‍ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി. പ്രധാനമന്ത്രി മോദി പുതുച്ചേരിക്ക് 15,000 കോടി രൂപ അയച്ചെന്നും അതിലൊരു ഭാഗം ഗാന്ധി കുടുംബത്തിന് നല്‍കിയെന്നുമാണ് അമിത് ഷാ പറഞ്ഞത്. ഇത് തനിക്കെതിരായ ഗുരുതരമായ ആരോപണമാണ്. അദ്ദേഹം അത് തെളിയിച്ചില്ലെങ്കില്‍ ഞാന്‍ മാനനഷ്ടക്കേസ് കൊടുക്കു. എന്റെയും ഗാന്ധി കുടുംബത്തിന്റെയും പ്രതിച്ഛായ തകര്‍ക്കാന്‍ തെറ്റായ പ്രസ്താവന നടത്തിയതിന് അദ്ദേഹത്തിനെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യമെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ അമിത് ഷാ തന്നോടും രാജ്യത്തോടും പുതുച്ചേരി ജനതയോടും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതുച്ചേരിയില്‍ നടന്ന റാലിക്കിടെയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ അഴിമതി ആരോപണം ഉന്നയിച്ചത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഉത്തരവാദിയെന്നും നാരായണസാമി ആരോപിച്ചു. അമിത് ഷാ ഞങ്ങള്‍ ആവശ്യപ്പെട്ടതെല്ലാം നിരസിച്ചു. ഞങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കിരണ്‍ ബേദിയെ മാറ്റിയ ശേഷം തമിഴ്‌സായ് സൗന്ദരാജന്‍ ചുമതലയേറ്റു. അവര്‍ വന്നതിനുശേഷം കൂടുതല്‍ വേഗത്തില്‍ സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടെന്നും നാരായണസാമി പറഞ്ഞു. 'ബിജെപി നേതാക്കള്‍ ചെന്നൈയില്‍ നിന്ന് പുതുച്ചേരിയില്‍ തമ്പടിച്ചു. ഒപ്പം പണക്കെട്ടുമായെത്തി ഞങ്ങളുടെ എംഎല്‍എമാരെ വാങ്ങി. എന്നോട് അടുപ്പമുള്ള മന്ത്രി നമശിവായം ചേരുന്നതിന് മുമ്പ് കഴിഞ്ഞ ഒരു വര്‍ഷമായി ബിജെപിയുമായി ബന്ധപ്പെട്ടിരുന്നു. ഭരണം അട്ടിമറിക്കാന്‍ ആദായനികുതി ഇളവ് വാഗ്ദാനം ചെയ്തു. ദ്രാവിഡ മുന്നേറ്റ കഴകം എംഎല്‍എ വെങ്കിടേശനെയും ഭീഷണിപ്പെടുത്തിയാണ് ബിജെപിയില്‍ ചേര്‍ത്തതെന്നും അദ്ദേഹം ആരോപിച്ചു. ഫെബ്രുവരി 23ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമിയുടെയും മന്ത്രിസഭയുടെയും രാജി രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകരിച്ചു. പുതുച്ചേരിയിലെ 30 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ ആറിനു നടക്കും.
V Narayanasamy Threatens To File Defamation Case Against Amit Shah