പ്രളയക്കെടുതിക്കിടെ 10 കോടി ചെലവില്‍ എകെജി മ്യൂസിയം: നൂറുകണക്കിന് പേര്‍ക്ക് ഭൂമിയും വീടും നല്‍കാമെന്ന് വി ടി ബല്‍റാം
'പ്രളയ ദുരിതത്തില്‍പ്പെട്ട ഒരാള്‍ക്ക് വീട് പുനര്‍നിര്‍മ്മിക്കാനായി 4 ലക്ഷം രൂപ വീതം നല്‍കുകയാണെങ്കില്‍ 250 പേര്‍ക്ക് നല്‍കാവുന്ന തുകയാണ് 10 കോടി. ഒരാള്‍ക്ക് 3 സെന്റ് വീതം നല്‍കുകയാണെങ്കില്‍ നൂറിലേറെപ്പേര്‍ക്ക് നല്‍കാവുന്ന ഭൂമിയാണ് 3.21 ഏക്കര്‍.
കോഴിക്കോട്: പ്രളയക്കെടുതിക്കിടെ 10 കോടി ചെലവില്‍ 3.21 ഏക്കര്‍ സ്ഥലത്ത് എകെജി സ്മൃതി മ്യൂസിയം നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എ. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തെ നേരിടേണ്ടിവന്ന നാട്ടില്‍ കോടികള്‍ ചിലവഴിച്ചുള്ള മ്യൂസിയമല്ല വേണ്ടതെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
'പ്രളയ ദുരിതത്തില്‍പ്പെട്ട ഒരാള്‍ക്ക് വീട് പുനര്‍നിര്‍മ്മിക്കാനായി 4 ലക്ഷം രൂപ വീതം നല്‍കുകയാണെങ്കില്‍ 250 പേര്‍ക്ക് നല്‍കാവുന്ന തുകയാണ് 10 കോടി. ഒരാള്‍ക്ക് 3 സെന്റ് വീതം നല്‍കുകയാണെങ്കില്‍ നൂറിലേറെപ്പേര്‍ക്ക് നല്‍കാവുന്ന ഭൂമിയാണ് 3.21 ഏക്കര്‍. പ്രളയ ദുരന്തത്തിന്റെ പേര് പറഞ്ഞാണ് ഇത്തവണ ഓണാഘോഷം വെട്ടിക്കുറച്ചത്. സ്‌ക്കൂള്‍ കലോത്സവം നിറം കെട്ടതാക്കിയത്. ചലച്ചിത്രോത്സവം വഴിപാടാക്കിയത്. എല്ലാവിധ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് മേലും ചെലവ് ചുരുക്കലിന്റെ വാള്‍ ആഞ്ഞുവീശിയത്. സ്‌ക്കൂള്‍ കുട്ടികളുടെ നാണയക്കുടുക്ക മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വരെ പല തരത്തില്‍ പിടിച്ചെടുത്തത്.' ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
എ കെ ഗോപാലന് സ്മാരകമായി പഠന ഗവേഷണ കേന്ദ്രമുണ്ടാക്കാന്‍ എ കെ ആന്റണി സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച തിരുവനന്തപുരം നഗരത്തിലെ കണ്ണായ സ്ഥലത്ത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉണ്ടാക്കിയവര്‍ അദ്ദേഹത്തോട് അനാദരവ് കാട്ടിയെന്നും ബല്‍റാം വിമര്‍ശിച്ചു. തിരുവനന്തപുരത്തെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസ് പിടിച്ചെടുത്ത അത് സ്മാരകമക്കാന്‍ എന്ത് കൊണ്ട് സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും വി ടി ബല്‍റാം ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:-
അന്ന് ബജറ്റില്‍ ഈ പ്രഖ്യാപനം നടത്തുമ്പോള്‍ അതാരെ തോല്‍പ്പിക്കാനായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇന്ന് പൊതുഖജനാവിലെ പണം ഇതിനായി ചെലവഴിക്കുമ്പോള്‍ തോല്‍ക്കുന്നത് ഈ കേരളം മുഴുവനുമാണ്. കാരണം ഇതിനിടയിലാണ് ഈ നാട് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തെ നേരിടേണ്ടി വന്നത്. 450 ഓളം മനുഷ്യജീവനുകള്‍ നമുക്ക് നഷ്ടപ്പെട്ടത്. 20000 ഓളം പേര്‍ക്ക് തല ചായ്ക്കാനൊരിടം ഇല്ലാതായത്. ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങള്‍ വ്യാപാരികള്‍ക്കും വീട്ടുകാര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉണ്ടായത്.
പ്രളയ ദുരന്തത്തിന്റെ പേര് പറഞ്ഞാണ് ഇത്തവണ ഓണാഘോഷം വെട്ടിക്കുറച്ചത്. സ്‌ക്കൂള്‍ കലോത്സവം നിറം കെട്ടതാക്കിയത്. ചലച്ചിത്രോത്സവം വഴിപാടാക്കിയത്. എല്ലാവിധ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് മേലും ചെലവ് ചുരുക്കലിന്റെ വാള്‍ ആഞ്ഞുവീശിയത്. സ്‌ക്കൂള്‍ കുട്ടികളുടെ നാണയക്കുടുക്ക മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വരെ പല തരത്തില്‍ പിടിച്ചെടുത്തത്.
പ്രളയ ദുരിതത്തില്‍പ്പെട്ട ഒരാള്‍ക്ക് വീട് പുനര്‍നിര്‍മ്മിക്കാനായി 4 ലക്ഷം രൂപ വീതം നല്‍കുകയാണെങ്കില്‍ 250 പേര്‍ക്ക് നല്‍കാവുന്ന തുകയാണ് 10 കോടി. ഒരാള്‍ക്ക് 3 സെന്റ് വീതം നല്‍കുകയാണെങ്കില്‍ നൂറിലേറെപ്പേര്‍ക്ക് നല്‍കാവുന്ന ഭൂമിയാണ് 3.21 ഏക്കര്‍.
മഹാത്മ അയ്യങ്കാളിയുടേയും ശ്രീനാരായണ ഗുരുവിന്റെയും അബ്ദുറഹിമാന്‍ സാഹിബിന്റേയും അക്കാമ്മ ചെറിയാന്റേയും എടച്ചേന കുങ്കന്റേയും വിടി ഭട്ടതിരിപ്പാടിന്റേയുമൊക്കെ പേരില്‍ ഇതിനും മുന്‍പുള്ള 2016ലെ ബജറ്റില്‍ എല്ലാ ജില്ലകളിലും ഇതേ സര്‍ക്കാര്‍ സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഒന്നുപോലും തുടങ്ങി വച്ചിട്ടുപോലുമില്ല. അവരൊന്നും സിപിഎം എംപിമാരായിരുന്നില്ല എന്നതാണോ കാരണം?
ഒരു വര്‍ഷം മുന്‍പ് ചോദിച്ച ചോദ്യം വീണ്ടുമാവര്‍ത്തിക്കുന്നു, എ കെ ഗോപാലന് സ്മാരകമായി പഠന ഗവേഷണ കേന്ദ്രമുണ്ടാക്കാന്‍ എ കെ ആന്റണി സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച തിരുവനന്തപുരം നഗരത്തിലെ കണ്ണായ സ്ഥലത്ത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉണ്ടാക്കിയവര്‍ അദ്ദേഹത്തോട് ചെയ്തതല്ലേ യഥാര്‍ത്ഥ അനാദരവ്? ആ സ്ഥലത്തെ കെട്ടിടം പിടിച്ചെടുത്ത് അത് സ്മാരകമാക്കാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ തയ്യാറാകുന്നില്ല?.