വാളയാര്‍ പീഡനക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടയാള്‍ തൂങ്ങിമരിച്ച നിലയില്‍
പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയാവുകയും പിന്നീട് പോക്‌സോ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല വയലാറിലെ പ്രദീപ് കുമാറിനെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവിനോടൊപ്പം ബാങ്കില്‍ പോയി തിരിച്ചെത്തിയ ശേഷം മുറിയിലേക്ക് പോയ പ്രദീപ് കുമാര്‍ പുറത്തേക്ക് വരാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. കേസില്‍ പോക്‌സോ കോടതി തെളിവില്ലെന്ന് കണ്ട് പ്രദീപ് കുമാറിനെ കുറ്റവിമുക്തനാക്കിയിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് പ്രദീപ് കുമാര്‍. വാളയാര്‍ കേസിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാവ് ഒക്ടോബര്‍ 9ന് സെക്രട്ടേറിയേറ്റില്‍ സമരം ആരംഭിച്ചിരുന്നു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നായിരുന്നു ആവശ്യം.
2017ലാണ് വാളയാറിലെ ദലിത് സഹോദരിമാര്‍ പീഡനത്തെ തുടര്‍ന്ന് തൂങ്ങി മരിച്ച വാര്‍ത്ത പുറംലോകമറിഞ്ഞത്. 13 വയസ്സുകാരിയായ മൂത്ത സഹോദരിയെ ജനുവരി 13നും മാര്‍ച്ച് നാലിന് ഇളയ സഹോദരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ അഞ്ചു പ്രതികളാണുണ്ടായിരുന്നത്. പോക്സോ, ബലാല്‍സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിലാണ് പ്രതിയെ വിട്ടയച്ചത്. മാത്രമല്ല, ആകെ 52 സാക്ഷികളെ വിസ്തരിച്ചതില്‍ മിക്കവരും കൂറുമാറുകയും ചെയ്തിരുന്നു.
Valayar pocso case: acquitted man was hanged