'വാരിയംകുന്നന്‍': തല്‍ക്കാലം പിന്‍മാറുകയാണെന്ന് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്
നിരപരാധിത്വം തെളിയിക്കുംവരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും ഞാന്‍ താല്‍ക്കാലികമായി വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുകയാണ്. എനിക്കെതിരേയുള്ള ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവര്‍ത്തനങ്ങളിലേക്ക് ഞാന്‍ തിരിച്ചുവരികയും ചെയ്യുന്നതായിരിക്കും.
കോഴിക്കോട്: സ്വാതന്ത്ര്യസമര പോരാളിയും ഖിലാഫത്ത് നേതാവുമായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള 'വാരിയംകുന്നന്‍' എന്ന സിനിമയില്‍ നിന്ന് തല്‍ക്കാലം പിന്‍മാറുകയാണെന്ന് തിരക്കഥാകൃത്തുക്കളിലൊരാളായ റമീസ് മുഹമ്മദ്. ഇദ്ദേഹം വര്‍ഷങ്ങള്‍ക്കു മുമ്പ് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ വിവാദമാക്കിയതിനെ തുടര്‍ന്ന് സംവിധായകന്‍ ആഷിഖ് അബു വിശദീകരണം തേടിയതിനു പിന്നാലെയാണ് പിന്‍മാറ്റം. എന്നാല്‍, സിനിമയുമായി മുന്നോട്ടുപോവുമെന്നു സംവിധായകന്‍ ആഷിഖ് അബു അറിയിച്ചു. നേരത്തേ, റമീസ് മുഹമ്മദ് ഷെയര്‍ ചെയ്തതും മറ്റുമായ ഫേസ് ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സംഘപരിവാര അനുകൂലികളും ചില ഇടതനുകൂലികളും വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു. റമീസിന്റെ നിലപാടുകള്‍ സ്ത്രീവിരുദ്ധവും മതതീവ്രവാദത്തെ അനുകൂലിക്കുന്നതുമാണെന്നായിരുന്നു വിമര്‍ശനം. വന്‍തോതില്‍ പ്രചാരണമുണ്ടായതോട സംവിധായകന്‍ വിശദീകരണം തേടിയതിനെ തുടര്‍ന്ന്, എട്ടോ ഒമ്പതോ വര്‍ഷങ്ങള്‍ക്കു മുമ്പ് അറിവില്ലായ്മ കൊണ്ട് സ്വീകരിച്ച നിലപാടുകളിലെ സ്ത്രീവിരുദ്ധതയില്‍ ക്ഷമാപണം നടത്തിക്കൊണ്ട് റമീസ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സിനിമയില്‍നിന്ന് താല്‍ക്കാലികമായി പിന്‍മാറുകയാണെന്ന കാര്യം റമീസ് തന്നെയാണ് ഫേസ് ബുക്കിലൂടെ അറിയിച്ചത്.
''എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളില്‍ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തില്‍ ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാന്‍ എനിക്ക് കഴിയുകയും ചെയ്യും. ഞാന്‍ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തില്‍ ബോധിപ്പിക്കുകയും ചെയ്യും. എന്നാല്‍, എനിക്കെതിരേയുള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തില്‍ ബാധിക്കേണ്ടത് എന്നെ മാത്രമാണ്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ അത് ഇപ്പോള്‍ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്. ആയതിനാല്‍, എന്റെ നിരപരാധിത്വം തെളിയിക്കുംവരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും ഞാന്‍ താല്‍ക്കാലികമായി വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുകയാണ്. എനിക്കെതിരേയുള്ള ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവര്‍ത്തനങ്ങളിലേക്ക് ഞാന്‍ തിരിച്ചുവരികയും ചെയ്യുന്നതായിരിക്കും. ഈ വിവരങ്ങള്‍ 'വാരിയംകുന്നന്‍' എന്ന സിനിമയുടെ നിര്‍മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.'' എന്നാണ് റമീസിന്റെ പോസ്റ്റ്.
റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ലെന്നും അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാക്കാനാണ് സാധ്യതയെന്നും പറഞ്ഞാണ് ആഷിഖ് അബു ഇക്കാര്യം ഫേസ് ബുക്കിലൂടെ അറിയിച്ചത്. ''മറ്റൊരു സംവിധായകനുമായി വാരിയംകുന്നന്‍ എന്ന ചിത്രം നിര്‍മിക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ വര്‍ഷങ്ങളായി നടന്നുവരുന്നു. റമീസും ആദ്യം മുതല്‍ തന്നെ ഈ ഉദ്യമത്തില്‍ ഉണ്ടായിരുന്നയാളായി, ഇതിനായി റിസര്‍ച്ചുകള്‍ ചെയ്ത വ്യക്തിയുമായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാലു മാസങ്ങള്‍ക്ക് മുമ്പ് മാത്രം. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളില്‍ അദ്ദേഹം തെറ്റ് സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കില്‍ മാപ്പുപറയുകയും ചെയ്തു. തന്റെ ഉദ്ധേശശുദ്ധിയുടെ മേല്‍ സംശയത്തിന്റെ നിഴല്‍ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും. തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനെയും ബോധ്യപ്പെടുത്താന്‍ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ട്'' എന്നായിരുന്നു ആഷിഖ് അബുവിന്റെ പോസ്റ്റ്. എന്നാല്‍, സംഘപരിവാര ഭീഷണിക്കു മുന്നില്‍ ആഷിഖ് അബു മുട്ടുമടക്കുകയാണെന്നും റമീസിന്റെ പിന്‍മാറ്റം ഹിന്ദുത്വരുടെ വാദങ്ങള്‍ക്ക് പ്രോല്‍സാഹനമാവുമെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
നേരത്തേ, സിനിമയെ കുറിച്ചുള്ള വിവരം പുറത്തുവിട്ടതിനു പിന്നാലെ നായകന്‍ പ്രിഥ്വിരാജ്, സംവിധായകന്‍ ആഷിഖ് അബു തുടങ്ങിയവര്‍ക്കെതിരേ സംഘപരിവാരം ഭീഷണിയും അസഭ്യവുമായി രംഗത്തെത്തിയിരുന്നു. മലപ്പുറം താനൂര്‍ സ്വദേശിയായ ഒ റമീസ് മുഹമ്മദും കോഴിക്കോട് സ്വദേശി ഹര്‍ഷദുമാണ് രചനയെന്നായിരുന്നു ആദ്യം പുറത്തുവിട്ടിരുന്നത്.
Varriamkunnan: Screenwriter Ramees Mohammed says he is withdrawing