സാമ്പത്തിക പ്രതിസന്ധി; ബിസിസിഐയുടെ ജഴ്‌സി സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ബൈജൂസ് പിന്‍മാറുന്നു

Update: 2022-12-17 13:51 GMT

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് ബിസിസിഐയുമായുള്ള കരാറില്‍നിന്ന് ബൈജൂസ് പിന്‍മാറുന്നു. ജഴ്‌സി സ്‌പോണ്‍സര്‍ഷിപ്പില്‍നിന്ന് കമ്പനി പിന്‍മാറുന്നതായി ഉദ്യോഗികമായി ബൈജൂസ് അറിയിച്ചതായി ബിസിസിഐ സ്ഥിരീകരിച്ചതായി എകണോമിക് ടൈംസ്' റിപോര്‍ട്ട് ചെയ്തു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം2023 അവസാനം വരെയാണ് ബൈജൂസ് ബിസിസിഐയുമായി ജഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍, അടുത്ത വര്‍ഷം മാര്‍ച്ചോടെ തന്നെ കരാറില്‍നിന്ന് പിന്‍വാങ്ങാനാണ് കമ്പനി ആലോചിക്കുന്നത്.

വ്യവസ്ഥകള്‍ക്ക് വിധേയമായി കരാറില്‍ നിന്ന് പിന്‍മാറാമെന്ന് ബിസിസിഐയും കമ്പനിയെ അറിയിച്ചിട്ടുണ്ട്. 55 മില്യന്‍ ഡോളറിന്റേതാണ് ഇടപാട്. ബിസിസിഐയുമായുള്ള കരാറില്‍ ഒപ്പോയെക്കാള്‍ 10 ശതമാനം അധികം നല്‍കുന്നുണ്ട് ബൈജൂസ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസിന്റെ പരസ്യ, പ്രചാരണ ചെലവ് 150 ശതമാനം കുത്തനെ ഉയര്‍ന്നിരുന്നു. 899 കോടിയില്‍നിന്ന് ഒറ്റയടിക്ക് 2,251 കോടിയായാണ് ഇത് ഉയര്‍ന്നത്.

എന്നാല്‍, വരുമാനത്തില്‍ വെറും നാല് ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. വാര്‍ഷിക വരുമാനം 2,280 ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 4,588 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ഇരട്ടിയായിരുന്നു നഷ്ടത്തിന്റെ തോത്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ചെലവ് ചുരുക്കലിന്റെ ഭാഗമായി നിരവധി നടപടികളാണ് ബൈജൂസ് ഈ സാമ്പത്തിക വര്‍ഷം സ്വീകരിച്ചത്. നഷ്ടത്തിലായ കമ്പനി 2500 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.

ബിസിസിഐയുടെ ജഴ്‌സി സ്‌പോണ്‍സര്‍ഷിപ്പിനു പുറമെ ഖത്തര്‍ ഫിഫാ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരിലും ബൈജൂസുണ്ട്. ഇതിന് പുറമെ, ബൈജൂസിന്റെ ആദ്യ ആഗോള അംബാസഡറായി അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ഒപ്പുവച്ചു. ബൈജൂസിന്റെ എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന സാമൂഹിക സംരംഭത്തിന്റെ അംബാസഡറായിരുന്നു മെസ്സി. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെയും ഔദ്യോഗിക സ്‌പോണ്‍സറാണ് ബൈജൂസ്. 330 കോടി രൂപയാണ് ലോകകപ്പ് സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ ബൈജൂസിന് ഫിഫയ്ക്ക് നല്‍കുന്നത്.

Tags:    

Similar News