സാമ്പത്തിക പ്രതിസന്ധിക്കു കാരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥത: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
തിരുവനന്തപുരം: സംസ്ഥാനം ഇന്ന് നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് വ്യക്തമാക്കുന്ന സിഎജി കണ്ടെത്തല്‍ ഗൗരവതരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഇക്കഴിഞ്ഞ ജനുവരിയില്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ട പഠനറിപോര്‍ട്ട് പ്രകാരം കേരളത്തിന്റെ പൊതുകടം നാലുലക്ഷം കോടിക്ക് അടുത്താണ്. മുക്കാല്‍ ലക്ഷത്തിലധികം കടബാധ്യതയുമായാണ് ഓരോ കുഞ്ഞും സംസ്ഥാനത്ത് ജനിച്ചുവീഴുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ക്രിയാത്മകമായ പരിഹാരം കാണുന്നതിനു പകരം വീണ്ടും വീണ്ടും കടമെടുക്കുക എന്ന ദീര്‍ഘവീക്ഷണമില്ലാത്ത സര്‍ക്കാരിന്റെ നയനിലപാടുകളാണ് കടം പെരുകാന്‍ ഇടയാക്കിയത്. അതേസമയം, 17 ഇനങ്ങളിലായി നികുതിയിനത്തില്‍ കുടിശ്ശികയുള്ളത് 28,258.39 കോടി രൂപയാണ്. മൊത്തം വരുമാനത്തിന്റെ കാല്‍ ഭാഗം വരുമിത്. നികുതി കുടിശ്ശിക സംബന്ധിച്ച റിപോര്‍ട്ട് യഥാസമയം റവന്യൂ വകുപ്പിന് കൈമാറാത്തതും കുടിശ്ശിക പിരിക്കാന്‍ നടപടി സ്വീകരിക്കാത്തതുമാണ് ഇത്രയും തുക വരാന്‍ കാരണമായതെന്ന സിഎജി കണ്ടെത്തല്‍ ഗൗരവമായി കാണണം. കൂടാതെ, കോടികളുടെ കുടിശ്ശിക പിരിക്കുന്നതിനു പകരം നികുതിയും സെസും ചുമത്തി ജനങ്ങളുടെ നടുവൊടിക്കുന്ന സര്‍ക്കാരിന്റെ ജനവിരുദ്ധത കൂടി ഇതോടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. പരസ്പരം പഴിചാരിയും ജനങ്ങളുടെ ചുമലില്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചും ഒളിപ്പോര്‍ നടത്തുന്നതിനു പകരം ക്രിയാത്മകവും സുതാര്യവുമായ സാമ്പത്തിക ആസൂത്രണത്തിലൂടെ പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി.