സാമ്പത്തിക പ്രതിസന്ധി: സര്‍ക്കാര്‍ ധൂര്‍ത്ത് അവസാനിപ്പിച്ച് ഉത്തരവാദിത്വം നിര്‍വഹിക്കണം-പി അബ്ദുല്‍ ഹമീദ്
തിരുവനന്തപുരം: കേരളം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഇടതു സര്‍ക്കാര്‍ ധൂര്‍ത്ത് അവസാനിപ്പിച്ച് ഉത്തരവാദിത്വം നിര്‍വഹിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. ജനങ്ങളുടെ പ്രശ്‌നങ്ങളെ സംബോധന ചെയ്യാന്‍ സര്‍ക്കാരിനാവുന്നില്ല. നമ്പര്‍ വണ്‍ എന്ന് ആവേശം കൊള്ളുന്ന സംസ്ഥാനത്ത് മന്ത്രിമാര്‍ വരെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് മന്ത്രിസഭയില്‍ തുറന്നുപറയേണ്ടി വന്നിരിക്കുന്നത് ലജ്ജാകരമാണ്. ഇതുതന്നെയാണ് ചീഫ് സെക്രട്ടറി ഹൈക്കോടതിയിലും പറഞ്ഞിരിക്കുന്നത്. സപ്ലൈകോയില്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ പണമില്ലെന്ന് മന്ത്രി ജി ആര്‍ അനിലും സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന് പണം വേണമെന്ന് മന്ത്രി ശിവന്‍കുട്ടിയും ആവശ്യപ്പെട്ടിരിക്കുകയാണ്. കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതു സംബന്ധിച്ച ഹരജി പരിഗണിച്ച കോടതി ആഘോഷത്തിനല്ല, മനുഷ്യന്റെ ജീവിത പ്രശ്‌നത്തിനാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന് വാക്കാല്‍ പരാമര്‍ശിച്ചു എന്നത് ഇടതു സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. ഒരു പൗരനെങ്കിലും ദുരിതത്തിലാണെങ്കില്‍ സംസ്ഥാനം ആഘോഷത്തിലമരുമെന്ന് കരുതാന്‍ കഴിയില്ലെന്ന കോടതി നിരീക്ഷണം സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നാലുമാസമായി കുടിശ്ശികയാണ്. മരുന്നിനു പോലും നിവൃത്തിയില്ലാത്തവര്‍ക്ക് കേവലം ഒരു മാസത്തെ പെന്‍ഷന്‍ മാത്രം നല്‍കാനുള്ള നീക്കം ദു:ഖകരമാണ്. വര്‍ധിച്ച ഇന്ധനവിലയോടൊപ്പം സെസ് കൂടി ഏര്‍പ്പെടുത്തി ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചത് സാമൂഹിക സുരക്ഷാ പെന്‍ഷന് പണം കണ്ടെത്തുന്നതിനായിരുന്നു. ഇപ്പോള്‍ സെസ് വര്‍ധിപ്പിച്ചതല്ലാതെ പെന്‍ഷന്‍ വിതരണം നടന്നിട്ടില്ല. സബ്‌സിഡി ഇനത്തില്‍ വന്‍ തുക കുടിശ്ശികയായതിനാല്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ജനകീയ ഹോട്ടലുകള്‍ ഓരോന്നും സംരംഭകര്‍ പൂട്ടിക്കൊണ്ടിരിക്കുന്നു. സര്‍ക്കാരിന്റെ മോഹന വാഗ്ദാനത്തില്‍ വഞ്ചിതരായി കുറഞ്ഞ വിലയ്ക്ക് ഉച്ചഭക്ഷണം നല്‍കിയ ഇവര്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് കിട്ടാനുള്ളത്. ഇടതു സര്‍ക്കാരിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മ വലിയ പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നതെന്നും പി അബ്ദുല്‍ ഹമീദ് ചൂണ്ടിക്കാട്ടി.