വയലാര്‍ സംഭവം: പോലിസിന്റെ ക്രൂരമര്‍ദ്ദനത്തിനെതിരേ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനിലും പരാതി

മാവേലിക്കര താമരക്കുളം സ്വദേശി റഫീഖ് മന്‍സിലിലില്‍ ആര്‍ റിയാസാണ് പരാതി നല്‍കിയത്.

Update: 2021-03-18 12:28 GMT
ആലപ്പുഴ: വയലാറിലെ അനിഷ്ട സംഭവങ്ങളുടെ മറവില്‍ പോലിസ് അന്യായമായി കസ്റ്റഡിയിലെടുത്ത് ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, പോലിസ് കംപ്ലയിന്റ് അതോറിറ്റി, ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എന്നിവര്‍ക്ക് പരാതി നല്‍കി.

മാവേലിക്കര താമരക്കുളം സ്വദേശി റഫീഖ് മന്‍സിലിലില്‍ ആര്‍ റിയാസാണ് പരാതി നല്‍കിയത്.

ഈ മാസം അഞ്ചിന് രാത്രി 11.30ഓടെ ചേര്‍ത്തല സിഐ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ ഡ്രസ്സിലെത്തിയ 15ഓളം പോലിസുകാര്‍ വീട്ടിലേക്ക് ഇരച്ചുകയറി മാതാപിതാക്കളെ കേട്ടാല്‍ അറയ്ക്കും വിധം അസഭ്യ വര്‍ഷം നടത്തുകയും അവരുടെ മുന്നിലിട്ട് അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി റിയാസ് പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് വാഹനത്തില്‍ കയറ്റി ചാരുംമൂട് ജങ്ഷനില്‍ കൊണ്ട് വണ്ടി നിര്‍ത്തിയിട്ടിട്ട് നൂറനാട് പോലീസ് സ്‌റേറഷനിലെ സിവില്‍ പോലിസ് ഓഫീസര്‍ റെജി, ചേര്‍ത്തല സിഐ ശ്രീകുമാര്‍ മറ്റ് കണ്ടാല്‍ അറിയാവുന്ന പോലീസുകാര്‍ എന്നിവര്‍ എന്നെ വീണ്ടും മര്‍ദിച്ചു.

പിന്നീട് തന്നെ കൃഷ്ണപുരം കാപ്പില്‍ മുല്ലശ്ശേരി കിഴക്കേതില്‍ ഷാജുദീന്റെ വീട്ടിലെത്തിക്കുകയും അദ്ദേഹത്തിന്റെ പ്രായമായ മാതാപിതാക്കളുടെയും ഭാര്യയുടെയും മക്കളുടെയും മുന്നില്‍ ഇട്ട് അദ്ദേഹത്തെയും ഭാര്യയെയും അസഭ്യം പറയുകയും മര്‍ദിച്ചു അവശരാക്കുകയും ചെയ്തു. ശേഷം തങ്ങള്‍ ഇരുവരെയും ചേര്‍ത്തല പോലിസ് സ്‌റ്റേഷനില്‍ കൊണ്ട് പോകുകയും അവിടെ എത്തുന്നത് വരെ വാഹനത്തിലിട്ട് മര്‍ദ്ദിക്കുകയും ചെയ്തു.

അവിടെ എത്തിയ ശേഷം എട്ടാംതിയ്യതി കോടതിയില്‍ ഹാജരാക്കുന്നത് വരെയും സിഐ ശ്രീകുമാര്‍, നിസാര്‍ മറ്റ് കണ്ടാല്‍ അറിയാവുന്ന 15ഓളം പോലിസുകാര്‍ തന്നെയും ഷാജുദ്ധീന്‍, ഷിയാദ് എന്നിവരെയും അതിക്രൂരമായി മര്‍ദ്ദിക്കുകയും വീട്ടിലെ സ്ത്രീകളെ പറ്റി നിരന്തരം അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു.വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരാള്‍ക്ക് താമസസൗകര്യം ചെയ്തു കൊടുത്തു എന്ന് ആരോപിച്ചായിരുന്നു പോലിസ് വേട്ട.

അറസ്റ്റ് രേഖപെടുത്തുന്നതിനു മുന്‍പ് രണ്ട് ദിവസം നിയമവിരുദ്ധമായി തങ്ങളെ കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ചതിനെതിരേ തൊട്ടടുത്ത ദിവസം ആലപ്പുഴ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റിനു മുന്‍പാകെ വിശദമായി മൊഴി കൊടുത്തിരുന്നു. തൊട്ടടുത്ത ദിവസം തന്നെ അഭിഭാഷകന്‍ മുഖേന കോടതിയില്‍ തങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെടുകയും കോടതി തങ്ങള്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.

ജാമ്യം ലഭിച്ചതിനു ശേഷം താനും ഷാജുദ്ധീന്‍, ഷിയാദ് എന്നിവരും കൊല്ലം അസീസിയ മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികിത്സ തേടുകയും വിദഗ്ധ ചികിത്സക്ക് ആയി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്തു. തങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു സംഭവത്തിന്റെ പേരില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആണ് എന്ന ഒറ്റക്കാരണത്താല്‍ വയലാറില്‍ നടന്ന അനിഷ്ട സംഭവത്തിലേക്ക് തങ്ങളെ വലിച്ചിഴച്ചിഴക്കുകയും കള്ളക്കേസ് ചുമത്തുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട പോലിസുകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും റിയാസ് പരാതിയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News