കീഴാറ്റൂരില്‍ 'വയല്‍ക്കിളി' നേതാവിനു മര്‍ദ്ദനമേറ്റു; സിപിഎമ്മെന്ന് ആരോപണം

Update: 2020-12-17 06:22 GMT
കണ്ണൂര്‍: വയല്‍ നികത്തി ദേശീയപാത വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്ന തളിപ്പറമ്പ് കീഴാറ്റൂരില്‍ 'വയല്‍ക്കിളി' സമര നേതാവിനു മര്‍ദ്ദനമേറ്റു. വയല്‍ക്കിളി നേതാവും സിപിഎമ്മിനെതിരേ കീഴാറ്റൂരില്‍ മല്‍സരിക്കുകയും ചെയ്ത ലതയുടെ ഭര്‍ത്താവുമായ സുരേഷ് കീഴാറ്റൂരിന് നേരെയാണ് മര്‍ദ്ദനമുണ്ടായത്. റോഡില്‍ വച്ച് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചെന്നാണ് പരാതി. പരിക്കേറ്റ സുരേഷിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തളിപ്പറമ്പ് പോലിസ് കേസെടുത്തു.

    പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ വനിതാ സംവരണ വാര്‍ഡിലാണ് ലതാ സുരേഷ് മത്സരിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥി പി വല്‍സല 134 വോട്ടുകള്‍ക്കാണ് ഇവിടെ ജയിച്ചത്. ലതയ്ക്ക് 236 വോട്ടുകളും വല്‍സലയ്ക്ക് 376 വോട്ടുകളുമാണ് ലഭിച്ചത്. കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ ലതയെ പിന്തുണച്ചിരുന്നു. കഴിഞ്ഞ തവണ 420 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിടത്ത് ഇത്തവണ 134 വോട്ടായി കുറഞ്ഞത്, സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്. തളിപ്പറമ്പ് നഗരസഭയിലെ 30ാം വാര്‍ഡാണ് കീഴാറ്റൂര്‍. മാത്രമല്ല, ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്പരം ഭീഷണിയും മറ്റും തുടര്‍ക്കഥയായിരുന്നു. വയല്‍ നികത്തിയുള്ള ബൈപാസ് നിര്‍മാണത്തിനെതിരേ പാര്‍ട്ടി ഗ്രാമത്തില്‍ ഉയര്‍ന്നുവന്ന പ്രക്ഷോഭം കേരളം ചര്‍ച്ച ചെയ്യുകയും ദേശീയശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തില്‍ പ്രാധാന്യം നേടുകയും ചെയ്തിരുന്നെങ്കിലും ബൈപാസ് നിര്‍മാണത്തിനു ഈയിടെ തുടക്കം കുറിച്ചിരുന്നു.

'Vayalkkili' leader beaten up in Keezhatoor; Alleged CPM



Tags:    

Similar News