ഇടതുമുന്നണിയുടെ തിരിച്ചടിക്ക് കാരണം മുസ് ലിം പ്രീണനമെന്ന് വെള്ളാപ്പള്ളി നടേശന്‍

Update: 2024-06-08 08:39 GMT

എറണാകുളം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ തിരിച്ചടിക്കു കാരണം ന്യൂനപക്ഷങ്ങളെ അമിതമായി പ്രീണിപ്പിച്ചതാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എറണാകുളം കുന്നത്തുനാട്ടില്‍ എസ്എന്‍ഡിപി ശാഖാ ഭാരവാഹികളുടെ നേതൃത്വ പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ് ലിംകളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ ചിന്ത. മുസ് ലിംകള്‍ക്ക് ചോദിക്കുന്നതെല്ലാം നല്‍കുകയാണ് സര്‍ക്കാരിന്റെ നയം. എന്നാല്‍, ഈഴവര്‍ക്ക് ചോദിക്കുന്നത് ഒന്നും തന്നെ ലഭിക്കുന്നില്ല. കോഴിക്കോട്ടും മലപ്പുറത്തും നിന്നുമൊക്കെ ഓരോ കാര്യങ്ങള്‍ സാധിക്കാന്‍ തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നവര്‍ വൈകുന്നേരം ആവുമ്പോഴേക്കും കാര്യം സാധിച്ച് മടങ്ങിയെത്തുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കിയാണ് ഇടത് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഇടതുപക്ഷത്തുനിന്നും നീതി കിട്ടുന്നില്ല. അതിന്റെ തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ നേരിട്ടത്. കഴിഞ്ഞ കാലങ്ങളില്‍ പരമ്പരാഗതമായി ഇടതുപക്ഷത്തെ സഹായിച്ച ഈഴവ വിഭാഗം ഇപ്പോള്‍ ആ നിലപാടില്‍ നിന്നു മാറിയിരിക്കുന്നു. ഈഴവര്‍ക്ക് ഒരു കാര്യത്തിലും ഈ സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുന്നില്ല. ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ വന്നാല്‍ അവര്‍ക്ക് സര്‍ക്കാരിലും പാര്‍ട്ടിയിലും ഡബിള്‍ പ്രമോഷനാണ് ലഭിക്കുന്നത്. ഈഴവര്‍ക്ക് അധികാരത്തിലും സിപിഎമ്മിലും പരിഗണനയില്ലാത്ത സ്ഥിതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Tags:    

Similar News