'മതേതരത്വം പറയുന്ന പി സി ജോര്‍ജ് എന്തിനാണ് സ്വന്തം മരുമകളെ മതം മാറ്റിയത്'; വെള്ളാപ്പള്ളിയുടെ വിമര്‍ശനം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

Update: 2022-05-02 06:07 GMT

ആലപ്പുഴ: മതേതരത്വം പറയുന്ന പി സി ജോര്‍ജ് എന്തിനാണ് സ്വന്തം മരുമകളെ ഹിന്ദു മതത്തില്‍ നിന്ന് ക്രിസ്ത്യാനിയാക്കി മതം മാറ്റിയതെന്ന വെള്ളാപ്പള്ളി നടേശന്റെ ചോദ്യം വീണ്ടും ചര്‍ച്ചയാക്കി സാമൂഹിക മാധ്യമങ്ങള്‍. തിരുവനന്തപുരത്ത് സംഘപരിവാരം സംഘടിപ്പിച്ച ഹിന്ദു മഹാസമ്മേളനത്തില്‍ 'ലൗ ജിഹാദ്' ആരോപണം ഉയര്‍ത്തിയ സാഹചര്യത്തിലാണ് പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് മതം മാറ്റി വിവാഹം കഴിച്ച കാര്യം വീണ്ടും ചര്‍ച്ചയാവുന്നത്.

'മതേതരത്വം പറയുന്ന പി സി ജോര്‍ജ് എന്തിനാണ് സ്വന്തം മരുമകളെ മതം മാറ്റിയത്. ഇതൊക്കെ കപടമാണ്. മതേതരം എന്നുപറയുന്നത് കപടമാണ്.' കാഞ്ഞിരപ്പള്ളിയില്‍ ക്ഷേത്രച്ചടങ്ങില്‍ പങ്കെടുക്കവെയാണ് പി സി ജോര്‍ജിനെതിരെ വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയത്. ആന്റോ ആന്റണി എംപിയും വേദിയില്‍ ഉണ്ടായിരുന്നു. വെള്ളാപ്പള്ളി അന്ന് നടത്തിയ പ്രസംഗമാണ് വീണ്ടും ചര്‍ച്ചയാവുന്നത്.

'പൂഞ്ഞാറില്‍ പച്ച തിരക്കി നടക്കുന്ന ഒരാളുണ്ടായിരുന്നു. ഉപയോഗം കഴിയുമ്പോള്‍ നമ്മളെ വെട്ടും. പകല്‍ ഒന്നു പറയും രാത്രി മറ്റൊന്നു പറയും. ഇങ്ങനെ മാറി മാറി കാലുമാറുന്ന പൂഞ്ഞാറിലെ പൂഞ്ഞാനാണ് പി സി ജോര്‍ജ്. താന്‍ ഇതുവരെയും ഇങ്ങനെ ഒരാളെ കണ്ടിട്ടില്ല. ഇയാളെ മാറ്റണമെന്ന് ജനം വളരെയധികം ആഗ്രഹിച്ചു. രാഷ്ട്രീയക്കാരെയും സമുദായക്കാരെയും പി സി ജോര്‍ജ് കബളിപ്പിക്കാന്‍ തുടങ്ങിയിട്ട് എത്ര നാളായി. ജനം എന്നും കഴുതയല്ലെന്ന് മനസിലാക്കണം. കുറേ നാള്‍ മുസ്‌ലിമിനെയും പിന്നീട് ഈഴവനെയും ശേഷം ക്രിസ്ത്യാനിയെയും കൈയില്‍ വെച്ച് കളിച്ചു. കുറച്ചുനാള്‍ തന്നെയും തോളില്‍വെച്ചു നടന്നു. വെള്ളാപ്പള്ളി പറഞ്ഞു.

പാല ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം മുന്നില്‍ നിന്ന് ഏറ്റെടുത്തവരില്‍ ഒരാളാണ് മുന്‍ പൂഞ്ഞാര്‍ എംഎല്‍എയും കേരള ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്. പാലാ ബിഷപ്പിന് പിന്തുണയുമായി നടത്തിയ മാര്‍ച്ചിലടക്കം പിസി ജോര്‍ജ് മുന്‍ നിരയിലുണ്ടായിരുന്നു.

അതേസമയം പിസി ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം ഹിന്ദുവായ മരുമകളെ മതംമാറ്റി എന്നതാണ്. പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് വിവാഹം കഴിച്ചത് നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വ്വതിയെ ആണ്. പാര്‍വ്വതിയെ മാമോദീസ മുക്കി മതംമാറ്റിയാണ് വിവാഹം നടന്നത്.

ഹിന്ദുമഹാസമ്മേളനത്തില്‍ പി സി ജോര്‍ജ് നടത്തിയ വര്‍ഗീയ പ്രസംഗത്തിനെതിരേയും വെള്ളാപ്പള്ളി വിമര്‍ശനം ഉന്നയിച്ചു. പി സി ജോര്‍ജിന്റെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കേണ്ടതില്ലെന്നും ഇത്തരം പരാമര്‍ശം മുമ്പും നടത്തിയിട്ടുണ്ടെന്നും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അയാള്‍ ആരെയാണ് അധിക്ഷേപിക്കാത്തതെന്നും തനിക്കെതിരെയും ഈഴവ സമുദായത്തിനെതിരെയും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പി സി ജോര്‍ജിനെ പിന്തുണച്ചത് രാഷ്ട്രീയത്തിന്റെ ഭാഗമായിരിക്കുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം നടത്തരുത്, സാക്ഷിയെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

Tags:    

Similar News