എഴുത്തുകാരനും മുംബൈ ഇന്റര്‍നാഷനല്‍ ലിറ്റററി ഫെസ്റ്റ് സ്ഥാപകനുമായ അനില്‍ ധാര്‍ക്കര്‍ അന്തരിച്ചു

Update: 2021-03-26 06:10 GMT

മുംബൈ: എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുംബൈ ഇന്റര്‍നാഷനല്‍ ലിറ്റററി ഫെസ്റ്റിവല്‍ സ്ഥാപകനുമായ അനില്‍ ധാര്‍ക്കര്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം. എല്ലാ വര്‍ഷവും നവംബറില്‍ നടക്കുന്ന മുംബൈ ഇന്റര്‍നാഷനല്‍ ലിറ്റററി ഫെസ്റ്റിവലിന്റെ സ്ഥാപകനും ഡയറക്ടറുമാണ്. ഇന്ത്യയില്‍ നിന്നു മാത്തമാറ്റിക്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടി. ഗ്ലാസ്‌ഗോ സര്‍വകലാശാലയില്‍ നിന്ന് ബില്‍ഡിങ് സര്‍വീസസ് എന്‍ജിനീയറിങില്‍ പ്രാവീണ്യം നേടി. ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം പ്രമുഖ വാസ്തുവിദ്യാ സ്ഥാപനമായ ഫോറോസ് കുഡിയനാവാലയിലും അസോഷ്യേറ്റ്‌സിലും സീനിയര്‍ കണ്‍സള്‍ട്ടന്റായി. ബഹുനില കെട്ടിടങ്ങളില്‍ തീപ്പിടിത്തത്തില്‍ നിന്നു സംരക്ഷിക്കുന്ന ആശയത്തിനു തുടക്കമിട്ടു.

    സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിപുലമായ എഴുത്തുകള്‍ മാനിച്ച് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തി. ലളിതമായ സെന്‍സര്‍ഷിപ്പ് കോഡ് തയ്യാറാക്കിയത് ഔദ്യോഗിക ഫിലിം സര്‍ട്ടിഫിക്കേഷന്‍ കോഡിന് അടിസ്ഥാനമായി. ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ മേധാവിയായും സേവനമനുഷ്ഠിച്ചു. സൗത്ത് ബോംബെയിലെ ആകാശവാണി ഓഡിറ്റോറിയം ഒരു ആര്‍ട്ട് സിനിമാ തിയേറ്ററായി തുറക്കുന്നതിന്റെ ചുമതലയും ധാര്‍ക്കറിനായിരുന്നു. ഒന്നിലേറെ തവണ ഓസ്‌കര്‍ ജേതാവായ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി എന്ന സിനിമയെ എന്‍എഫ്ഡിസി സഹനിര്‍മ്മാണം സാധ്യമാക്കിയത് ഇദ്ദേഹത്തിന്റെ ഏറ്റലും വലിയ സംഭാവനയാണ്. ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ക്കുള്ള സെലക്ഷന്‍ കമ്മിറ്റികളിലും ധാര്‍ക്കര്‍ ഉണ്ടായിരുന്നു. കാന്‍സ്, ബെര്‍ലിന്‍, ചിക്കാഗോ, ലണ്ടന്‍ എന്നിവിടങ്ങളിലെ വിദേശ ചലച്ചിത്രമേളകളില്‍ എന്‍എഫ്ഡിസിയെ പ്രതിനിധീകരിച്ചു.

    മാധ്യമപ്രവര്‍ത്തകനായ ഇദ്ദേഹം ഡെബോനെയര്‍(മാസിക), മിഡ്‌ഡേ, സണ്‍ഡേ മിഡ്‌ഡേ(സായാഹ്ന പേപ്പറുകള്‍) തുടങ്ങി വിവിധ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പില്‍ നിന്നുള്ള ഇന്‍ഡിപെന്‍ഡന്റ്, ദ ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യ എന്നിവയിലും സേവനമനുഷ്ഠിച്ചു. ദാലല്‍ സ്ട്രീറ്റ് ജേണല്‍ ഗ്രൂപ്പിന്റെ ഒരു ബിസിനസ് കം എന്റര്‍ടൈന്‍മെന്റ് ചാനലിന്റെ തലവനായി ഇന്ത്യാ ടിവിയുടെ തലവനായ ശേഷമാണ് ധാര്‍ക്കര്‍ ടൈംസ് ഓഫ് ഇന്ത്യ വിട്ടത്. പിന്നീട് സീ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിന്റെ ക്രിയേറ്റീവ് ഡയറക്ടറായി. പ്രധാനമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, നൊബേല്‍ സമ്മാനം നേടിയ എഴുത്തുകാര്‍, ചലച്ചിത്ര സംവിധായകര്‍, അഭിനേതാക്കള്‍ എന്നിവരുമായി നൂറുകണക്കിന് അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ട്.

     പിന്നീട് അനില്‍ ധാര്‍ക്കര്‍ മുഴുസമയ പത്രപ്രവര്‍ത്തനത്തിലേക്ക് മടങ്ങി. ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, ദി ഇക്കണോമിക് ടൈംസ്, ഖലീജ് ടൈംസ്, ഗള്‍ഫ് ന്യൂസ്, ദി സ്‌കോട്ട്‌സ്മാന്‍, ദി സണ്‍ഡേ ഒബ്‌സര്‍വര്‍, മിഡ്‌ഡേ തുടങ്ങിയവയില്‍ ഫ്രീലാന്‍സ് കോളമിസ്റ്റായി. ഇപ്പോള്‍ ഏഷ്യന്‍ ഏജ്, ദി ഫിനാന്‍ഷ്യല്‍ ക്രോണിക്കിള്‍, ഡെക്കാന്‍ ക്രോണിക്കിള്‍, ഓണ്‍സ്‌റ്റേജ്, ദി ഹഫിങ്ടണ്‍ പോസ്റ്റ് എന്നിവയില്‍ കോളങ്ങള്‍ എഴുതാറുണ്ട്. 2010ലാണ് ധാര്‍ക്കര്‍ മുംബൈ അന്താരാഷ്ട്ര സാഹിത്യോത്സവം ആരംഭിച്ചത്. നവംബറില്‍ ദക്ഷിണ മുംബൈയിലെ നാഷനല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സിലും ഒരേ സമയം നോര്‍ത്ത് മുംബൈയിലെ പൃഥ്വി തിയേറ്ററിലുമാണ് ഫെസ്റ്റ് നടക്കുന്നത്. ലിറ്റ്‌ഫെസ്റ്റിന്റെ ഫെസ്റ്റിവല്‍ ഡയറക്ടറായ ധാര്‍ക്കറാണ് ലിറ്റ് ഫെസ്റ്റ് ലൈവിന്റെയും സ്ഥാപകന്‍.

    കായിക മേഖലയിലും ഇദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ലണ്ടന്‍ യൂനിവേഴ്‌സിറ്റിയിലെയും ഗ്ലാസ്‌ഗോ യൂനിവേഴ്‌സിറ്റിയിലെയും ടേബിള്‍ ടെന്നീസ് ടീമുകളുടെ ക്യാപ്റ്റനായിരുന്നു. ബ്രിട്ടീഷ് യൂനിവേഴ്‌സിറ്റി ടേബിള്‍ ടെന്നീസ് ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്. ക്രിക്കറ്റ്, സ്‌ക്വാഷ്, ബാഡ്മിന്റണ്‍ തുടങ്ങിയ ഇനങ്ങളിലും സര്‍വകലാശാലയെ പ്രതിനിധീകരിച്ചു. വൈ.എം.സി.എ ലണ്ടന്റെ സ്‌പോര്‍ട്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് അര്‍ഹനായി. ടെന്നീസില്‍ ബോംബെ ജിംഖാനയെ പ്രതിനിധീകരിച്ചിട്ടുണ്ട്. സിംഗിള്‍ മാള്‍ട്ട് ക്ലബ് ഓഫ് ബോംബെ സ്ഥാപകനും ചെയര്‍മാനുമാണ് അനില്‍ ധാര്‍ക്കര്‍. മുംബൈ ആസ്ഥാനമായുള്ള എന്‍ജിഒയായ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് ചെയര്‍മാനാണ് ധാര്‍ക്കര്‍.

    ബോംബെയിലെ 100 സിറ്റിസണ്‍സ്, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (ഐസിസിആര്‍), ദൂരദര്‍ശന്‍, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ ഉപദേശക സമിതി അംഗമാണ് അനില്‍ ധാര്‍ക്കര്‍. മാധ്യമപ്രവര്‍ത്തനത്തിനുള്ള നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി ധാര്‍ക്കര്‍ മുംബൈയില്‍ പത്രാധിപര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് താമസം. നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ധാര്‍ക്കര്‍ക്ക് അനുശോചനം അറിയിച്ചു.

Veteran journalist and writer Anil Dharker dies


Tags:    

Similar News