തനിക്കെതിരേ 'നീചമായ' മാധ്യമ പ്രചാരണമെന്ന് ഉമര്‍ ഖാലിദ്

കുറ്റപത്രത്തിന്റെ പകര്‍പ്പ് ഖാലിദിന് നല്‍കണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് ഡിസംബര്‍ 2ന് വാദം കേള്‍ക്കും.

Update: 2020-11-29 01:27 GMT

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിവിധ പത്രങ്ങളും ടിവി ചാനലുകളും തനിക്കെതിരെ 'നീചമായ' മാധ്യമ പ്രചാരണം നടത്തിയെന്ന് ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ്. ഡല്‍ഹി കോടതിക്ക് മുമ്പാകെയാണ് ഉമര്‍ ഖാലിദ് ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി കലാപവുമായി ബന്ധപ്പെട്ട ഒരു കേസില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ ഇല്ലാ കഥകള്‍ മെനഞ്ഞത്. ഖാലിദിന് കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിക്കാത്തതിനാല്‍ 'മാധ്യമ വിചാരണ'യെ സ്വയം പ്രതിരോധിക്കാനോ മാധ്യമങ്ങളുടെ അപനിര്‍മാണം മനസ്സിലാക്കാനോ സാധിച്ചില്ലെന്ന് ഉമര്‍ ഖാലിദിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി.

കുറ്റപത്രത്തിന്റെ പകര്‍പ്പ് ഖാലിദിന് നല്‍കണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് ഡിസംബര്‍ 2ന് വാദം കേള്‍ക്കും.

അതേസമയം, അനുബന്ധ കുറ്റപത്രത്തിന്റെ സോഫ്റ്റ് കോപ്പി ഖാലിദിന്റെ അഭിഭാഷകന് ശനിയാഴ്ച നല്‍കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് കോടതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.ഹിയറിംഗിനിടെ പോലിസിന് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് ഖാലിദ് ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ നിഷേധിച്ചു.

ഉമര്‍ ഖാലിദ്, ജെഎന്‍യു വിദ്യാര്‍ത്ഥി ഷാര്‍ജീല്‍ ഇമാം, ഫൈസാന്‍ ഖാന്‍ എന്നിവര്‍ക്കെതിരേ യുഎപിഎ, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍, കൊലപാതകം, കലാപം, നിയമവിരുദ്ധമായ കൂടിച്ചേരല്‍, രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമയത്തിയാണ് കേസെടുത്തിട്ടുള്ളത്.

Tags:    

Similar News