ദക്ഷിണ കൊറിയ: ഹാലോവീന്‍ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 59 പേര്‍ മരിച്ചു; നൂറിലധികം പേര്‍ക്ക് പരിക്ക് (വീഡിയോ)
നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇറ്റാവോയിലെ ഇടുങ്ങിയ തെരുവിലാണ് ആഘോഷങ്ങള്‍ക്കിടെ ദാരുണ സംഭവം അരങ്ങേറിയത്.
സോള്‍: ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 59 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇറ്റാവോയിലെ ഇടുങ്ങിയ തെരുവിലാണ് ആഘോഷങ്ങള്‍ക്കിടെ ദാരുണ സംഭവം അരങ്ങേറിയത്. തിരക്കില്‍പ്പെട്ട പലര്‍ക്കും ശ്വാസ തടസ്സവും ഹൃദയാഘാതവും ഉണ്ടായതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
തെരുവില്‍ പലരും വീണു കിടക്കുന്നതും ചിലര്‍ സിപിആര്‍ നല്‍കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് എമര്‍ജന്‍സി ഉദ്യോഗസ്ഥര്‍ക്ക് നിരവധി സഹായാഭ്യര്‍ത്ഥനകളാണ് വരുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
충격주의)현재 이태원 압사 사망자 발생했다는듯 pic.twitter.com/ExGTyJQQN9
— 이것저것 소식들 (@feedforyou11) October 29, 2022
നഗരത്തിലെ പ്രസിദ്ധ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഒന്നായ ഹാമില്‍ട്ടന്‍ ഹോട്ടലിന് സമീപമായിരുന്നു ജനക്കൂട്ടം. ഒരു ഭാഗത്ത് നിന്നു ആളുകള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകടങ്ങളിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പരിക്കേറ്റവര്‍ക്ക് ദ്രുതഗതിയിലുള്ള ചികിത്സ ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും ഉത്സവ സ്ഥലങ്ങളുടെ സുരക്ഷ സംബന്ധിച്ച് അവലോകനം നടത്തണമെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി ദുരന്ത നിവാരണ, മെഡിക്കല്‍ സഹായ സംഘങ്ങളെയും സമീപത്തെ ആശുപത്രികളില്‍ കിടക്കകള്‍ ഉടന്‍ സജ്ജീകരിക്കാനും അദ്ദേഹം ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി.