കിടക്കകളുടെ കുറവ് ചൂണ്ടിക്കാട്ടി; ഡോക്ടറെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് ജില്ലാ കലക്ടര്‍ (വീഡിയോ)
ഗുണ്ടൂര്‍ ജില്ലയിലെ നര്‍സറോപേട്ട് ടൗണ്‍ഹാളില്‍ നടന്ന അവലോകന യോഗത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ബെംഗളൂരു: ആന്ധ്രാ പ്രദേശില്‍ കൊവിഡ് 19 അവലോകനത്തിനിടെ പരാതിപ്പെട്ട ഡോക്ടറെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് ജില്ലാ കലക്ടര്‍. ഗുണ്ടൂര്‍ ജില്ലയിലെ നര്‍സറോപേട്ട് ടൗണ്‍ഹാളില്‍ നടന്ന അവലോകന യോഗത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. നന്ദേന്ദ്‌ല പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററില്‍ ജോലി ചെയ്യുന്ന മെഡിക്കല്‍ ഓഫിസര്‍ ഡോ. സോംല നായിക് യോഗത്തില്‍ കിടക്കകളുടെ അഭാവം ചൂണ്ടിക്കാട്ടിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ഇതുകേട്ട് നിയന്ത്രണം വിട്ട ഗുണ്ടൂര്‍ ജില്ലാ കലക്ടര്‍ സാമുവല്‍ ആനന്ദ് കുമാര്‍ ഡോക്ടറെ സസ്‌പെന്റ് ചെയ്യാനും അറസ്റ്റ് ചെയ്യാനും ഉത്തരവിടുകയായിരുന്നു. 'പ്രാഥമിക ആരോഗ്യ പരിപാലന കേന്ദ്രത്തിലെ കിടക്കകളുടെ കുറവിനെക്കുറിച്ച് ഡോ. സോംല നായിക് ആശങ്ക പ്രകടിപ്പിച്ചു. ഇത് ശരിയല്ലെന്ന് പറഞ്ഞ് കലക്ടര്‍ പ്രതികരിച്ചു. ഇതേ ആശങ്ക ജില്ലാ മെഡിക്കല്‍ ഹെല്‍ത്ത് ഓഫിസറുമായും ഉന്നയിച്ചിട്ടുണ്ടോ എന്നും കളക്ടര്‍ ചോദിച്ചു. ഇതോടെ സംഭവം കൈവിട്ട് പോവുകയും കടുത്ത വാഗ്വാദത്തിലേക്ക് നീങ്ങുകയുമായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു ഡോക്ടറെ ഉദ്ധരിച്ച് ദ ന്യൂസ് മിനുറ്റ് റിപോര്‍ട്ട് ചെയ്യുന്നു. താഴെത്തട്ടില്‍ ഡോക്ടര്‍മാര്‍ ഏറെ കഷ്ടപ്പെട്ട് പണിയെടുത്തിട്ടും ശ്രമങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നില്ലെന്നും ഡോ. സോംല നായിക് കലക്ടറുടെ മുമ്പാകെ ബോധിപ്പിച്ചിരുന്നു.
'എന്ത് വിഡ്ഢിത്തമാണ് പറയുന്നത്? ഈ ഡോക്ടര്‍ എവിടെ നിന്നാണ്? അവനെ കൂട്ടിക്കൊണ്ടുപോയി അറസ്റ്റ് ചെയ്യു, അവന്‍ എന്നോട് ചോദിക്കാന്‍ എങ്ങിനെ ധൈര്യംവന്നു? ഞാന്‍ ആരാണ്? ദുരന്തനിവാരണ നിവാരണ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്യുക എന്നു കലക്ടര്‍ ക്ഷുഭിതനായി പറയുന്നത് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായി കേള്‍ക്കാം. തുടര്‍ന്ന് തന്റെ ഫയലുകള്‍ എടുത്ത് ഡോക്ടര്‍ ഓഡിറ്റോറിയത്തില്‍നിന്നു പുറത്തുപോവുന്നതും കാണാം. പിന്നാലെ ഡോ. സോംല നായിക്കിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഡിഎംഎച്ച്ഒ ഡോ. ജെ യാസ്മിനോടും അറസ്റ്റ് ചെയ്യാന്‍ നസറാപേട്ട് ഡിഎസ്പി വീര റെഡ്ഡിയോടും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പോലിസ് ഉദ്യോഗസ്ഥര്‍ ഡോക്ടറെ നരസരോപേട്ട് ഡിഎസ്പി ഓഫീസിലേക്ക് കൊണ്ടുപോവുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.
കലക്ടറുടെ ഓഫിസില്‍ നിന്ന് ഒരു നിര്‍ദേശവും ലഭിക്കാത്തതിനാല്‍ ഡോക്ടര്‍ക്കെതിരേ ഇതുവരെ അച്ചടക്ക നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ഗുണ്ടൂരിലെ ജില്ലാ മെഡിക്കല്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ജെ യാസ്മിന്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ പ്രതികരിക്കാന്‍ ജില്ലാ കലക്ടര്‍ തയ്യാറായിട്ടില്ലെന്ന് ദ ന്യൂസ് മിനുറ്റ് റിപോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാരിനെതിരേ സംഭവം പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്. അതേസമയം, സംഭവത്തെ ആന്ധ്ര സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന അപലപിച്ചു. അറസ്റ്റ് ഉത്തരവുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ പണിമുടക്ക് നടത്തുമെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. ഡോ. നായിക് ചൂണ്ടിക്കാട്ടിയ വീഴ്ചകള്‍ സംബന്ധിച്ച് വകുപ്പുതല അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടു.