ഓണ്‍ലൈന്‍ ക്ലാസില്‍ മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ; മൈലാപൂര്‍ ചെറുപുഷ്പം സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി

ഈമാസം 19നാണ് സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനാവശ്യത്തിനുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് പ്രിന്‍സിപ്പല്‍ വിജയ ജോസഫ് മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനെതിരേ പോപുലര്‍ ഫ്രണ്ട് മൈലാപൂര്‍ ഏരിയാ പ്രസിഡന്റ് കൊട്ടിയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു.

Update: 2021-05-26 14:46 GMT

കൊല്ലം: കൊട്ടിയം മൈലാപ്പൂര്‍ ചെറുപുഷ്പം കോണ്‍വെന്റ് ഹൈസ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസില്‍ മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ അയച്ചുകൊടുത്ത സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരേ അച്ചടക്ക നടപടി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിജയ ജോസഫിനെ ചുമതലയില്‍നിന്ന് നീക്കുകയും സ്ഥലംമാറ്റുകയും ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. 10ാം ക്ലാസ് വിദ്യാര്‍ഥികളുടെ വാക്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് അബദ്ധവശാലാണ് കാര്‍ട്ടൂണ്‍ വീഡിയോ അയച്ചതെന്ന് മാനേജ്‌മെന്റ് വിശദീകരിക്കുന്നു.

വര്‍ഗീയസ്പര്‍ധ ഉളവാക്കുന്നതാണെന്ന് മനസ്സിലാക്കിയ ഉടന്‍ ഗ്രൂപ്പില്‍നിന്ന് വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. അറിയാതെ ആണെങ്കിലും ഇങ്ങനെ സംഭവിച്ചതില്‍ നിരുപാധികം മാപ്പ് അപേക്ഷിക്കുന്നതായും മാനേജ്‌മെന്റ് വ്യക്തമാക്കി. ഈമാസം 19നാണ് സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനാവശ്യത്തിനുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് പ്രിന്‍സിപ്പല്‍ വിജയ ജോസഫ് മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനെതിരേ പോപുലര്‍ ഫ്രണ്ട് മൈലാപൂര്‍ ഏരിയാ പ്രസിഡന്റ് കൊട്ടിയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. വിജയ ജോസഫിനെതിരേ ക്രിമിനല്‍ കേസെടുത്ത് നടപടി സ്വീകരിക്കണമെന്നും സ്‌കൂള്‍ അടച്ചുപൂട്ടണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം.

പ്രസ്തുത വീഡിയോയുടെ ഉറവിടം അന്വേഷിക്കണം. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിവിധ ജാതിമത വിഭാഗങ്ങള്‍ സൗഹാര്‍ദത്തോടെ കഴിഞ്ഞുകൂടുന്ന കേരളത്തില്‍ സംഘപരിവാറും വിദേശഫണ്ട് സ്വീകരിക്കുന്ന ചില തീവ്ര ക്രിസ്ത്യന്‍ സംഘടനകളും ചേര്‍ന്ന് മതസ്പര്‍ധ വളര്‍ത്തി ആര്‍എസ്എസ്സിന് രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താന്‍ ശ്രമം നടത്തുന്നതിന്റെ തുടര്‍ച്ചയാണ് ഇത്തരം വീഡിയോകള്‍. പിഞ്ചു കുഞ്ഞുങ്ങളുടെ മനസ്സിലേക്കുപോലും വസ്തുതാ വിരുദ്ധവും മതവിദ്വേഷവും സൃഷ്ടിക്കുന്നതുമായ പ്രചാരണങ്ങള്‍ നടത്തുന്നത് ആസൂത്രിതമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ വകുപ്പിനും ഡിജിപിക്കും പരാതി നല്‍കുമെന്നും പോപുലര്‍ ഫ്രണ്ട് ചാത്തന്നൂര്‍ ഡിവിഷന്‍ പ്രസിഡന്റ് ദിറാര്‍ കണ്ണനല്ലൂര്‍, സെക്രട്ടറി നൈസാം വരിഞ്ഞം എന്നിവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. സ്‌കൂളിനെതിരേ പ്രതിഷേധം ശക്തമായതോടെ പ്രിന്‍സിപ്പല്‍ മാപ്പപേക്ഷയുമായി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രിന്‍സിപ്പലിനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചതായി മാനേജ്‌മെന്റ് വ്യക്തമാക്കിയത്.

Tags:    

Similar News