വിമത എംഎല്‍എമാരെ 'തടവിലാക്കിയത്' അമിത് ഷാ; ബിജെപിക്ക് തലവേദനയായി യദ്യൂരപ്പയുടെ വെളിപ്പെടുത്തല്‍, സുപ്രിംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്
'നിങ്ങളില്‍ ചിലരെങ്കിലും വിചാരിക്കുന്നുണ്ടാവും, യദ്യൂരപ്പ മുഖ്യമന്ത്രിയാവാന്‍ കളിച്ചതാണെന്ന്. ഈ കസേരയില്‍ നേരത്തെയും ഇരുന്ന തനിക്ക് അങ്ങിനെ ഒരു മോഹം ഇല്ലായിരുന്നു. തന്നെ കുറ്റവാളിയായി കാണുന്നവര്‍ അറിയണം, താന്‍ കുറ്റബോധത്തോടെയാണ് മുഖ്യമന്ത്രിയായി തുടരുന്നത്. പാര്‍ട്ടിക്ക് അധികാരം ലഭിക്കുകയായിരുന്നു ലക്ഷ്യം. വിമത എംഎല്‍എമാര്‍ രണ്ടര, മൂന്ന് മാസം അവരുടെ മണ്ഡലം സന്ദര്‍ശിക്കാനോ ഭാര്യ, മക്കളെ കാണാന്‍ പോലുമോ കഴിയാതെ തടവിലായിരുന്നു. അമിത് ഷായാണ് അത് ചെയ്തത്. അത് ശരിയായോ? നിങ്ങളുടെ ബോധ്യത്തിന് വിടുന്നു' എന്നിങ്ങനെയായിരുന്നു യദ്യൂരപ്പയുടെ പ്രസംഗം.
ബംഗളൂരു: ബിജെപി ദേശീയ നേതൃത്വത്തെ വെട്ടിലാക്കി കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ. അമിത് ഷാക്കെതിരേ യദ്യൂരപ്പ നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായതാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് പുതിയ തല വേദന.
കോണ്‍ഗ്രസ്സ്-ജെഡിഎസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ 15 എംഎല്‍എമാരെ വിമതരാക്കി മുംബൈയില്‍ തടങ്കലില്‍ പാര്‍പ്പിച്ചതില്‍ തനിക്ക് പങ്കില്ലെന്നും അതിന്റെ സൂത്രധാരന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായാണെന്നും ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ വെളിപ്പെടുത്തിയത്. വൈകാരികമായ പ്രസംഗത്തിന്റെ വീഡിയോ പുറത്തായതോടെ വലിയ പ്രതിസന്ധിയാണ് ബിജെപിയില്‍ സംജാതമായിരിക്കുന്നത്. ഹുബ്ബള്ളിയില്‍ കഴിഞ്ഞ മാസം 26ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ എംപിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു യദ്യൂരപ്പയുടെ വിവാദ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് - ജെഡിഎസ് വിമതര്‍ക്ക് ടിക്കറ്റ് നല്‍കുന്നതിനെ ബിജെപിയിലെ ചില പ്രമുഖ നേതാക്കള്‍ എതിര്‍ത്തപ്പോഴായിരുന്നു യദ്യൂരപ്പയുടെ തുറന്നു പറച്ചില്‍.
'നിങ്ങളില്‍ ചിലരെങ്കിലും വിചാരിക്കുന്നുണ്ടാവും, യദ്യൂരപ്പ മുഖ്യമന്ത്രിയാവാന്‍ കളിച്ചതാണെന്ന്. ഈ കസേരയില്‍ നേരത്തെയും ഇരുന്ന തനിക്ക് അങ്ങിനെ ഒരു മോഹം ഇല്ലായിരുന്നു. തന്നെ കുറ്റവാളിയായി കാണുന്നവര്‍ അറിയണം, താന്‍ കുറ്റബോധത്തോടെയാണ് മുഖ്യമന്ത്രിയായി തുടരുന്നത്. പാര്‍ട്ടിക്ക് അധികാരം ലഭിക്കുകയായിരുന്നു ലക്ഷ്യം. വിമത എംഎല്‍എമാര്‍ രണ്ടര, മൂന്ന് മാസം അവരുടെ മണ്ഡലം സന്ദര്‍ശിക്കാനോ ഭാര്യ, മക്കളെ കാണാന്‍ പോലുമോ കഴിയാതെ തടവിലായിരുന്നു. അമിത് ഷായാണ് അത് ചെയ്തത്. അത് ശരിയായോ? നിങ്ങളുടെ ബോധ്യത്തിന് വിടുന്നു' എന്നിങ്ങനെയായിരുന്നു യദ്യൂരപ്പയുടെ പ്രസംഗം.
കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ഗൂഢാലോചന നടത്തിയെന്ന കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റേയും ആരോപണം ശരിവയ്ക്കുന്നതാണ് പുറത്തുവന്ന വീഡിയോ. 'തെളിവുകളുമായി' സുപ്രിംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.