വിദ്യക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

അട്ടപ്പാടി കോളജ് പ്രിന്‍സിപ്പാളിന്റെ സാന്നിധ്യത്തില്‍ വിദ്യയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

Update: 2023-06-23 15:36 GMT

പാലക്കാട്: മഹാരാജാസ് കോളേജ് വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി കെ വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിദ്യയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിദ്യയുള്ളത്. നാളെ വിദ്യയെ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. നാളെ തന്നെയാണ് വിദ്യയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നത്. ഇതിനിടയിലാണ് വിദ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ പാലക്കാട് ഡിവൈഎസ്പി ഓഫീസിലേക്ക് ആംബുലന്‍സ് എത്തിച്ചു. കോട്ടത്തറ ആശുപത്രി സൂപ്രണ്ടും സ്ഥലത്തെത്തി. പിന്നാലെ ഡിവൈഎസ്പി ഓഫീസില്‍ നിന്ന് വിദ്യയെ നടത്തിച്ച് പുറത്തെത്തിച്ച ശേഷം ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിലേക്കാണ് വിദ്യയെ മാറ്റുന്നത്. അതേസമയം വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് പ്രതിയായ വിദ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കെതിരെ കേസെടുക്കില്ലെന്ന് അഗളി പൊലീസ് വ്യക്തമാക്കി. വിദ്യയുടേത് ഗുരുതര കുറ്റമല്ലെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം തനിക്കെതിരെ മഹാരാജാസ് കോളേജിലെ അധ്യാപകര്‍ ഗൂഢാലോചന നടത്തിയെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് വിദ്യ. അട്ടപ്പാടി കോളജ് പ്രിന്‍സിപ്പാളിന്റെ സാന്നിധ്യത്തില്‍ വിദ്യയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ സിപിഎമ്മും എസ്എഫ്‌ഐ യും വിദ്യയെ തള്ളി പറഞ്ഞെങ്കിലും ഒളിത്താവളം ഒരുക്കിയത് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരെന്ന് കണ്ടെത്തിയിരുന്നു. കൂട്ടുകാരിക്കൊപ്പമുള്ള സെല്‍ഫിയിലൂടെയാണ് വിദ്യയുടെ ഒളിയിടം പൊലീസ് കണ്ടെത്തിയത്. കൂട്ടുകാരിയുടെ ഫോണില്‍ നിന്നാണ് വിദ്യക്കൊപ്പമുള്ള സെല്‍ഫി കണ്ടെത്തിയത്. സെല്‍ഫിയെടുത്തത് നാലു ദിവസം മുമ്പെന്ന് കണ്ടെത്തിയിരുന്നു. ഒളിവില്‍ വിദ്യ വിവരങ്ങള്‍ അറിഞ്ഞത് സുഹൃത്തിന്റെ ഫോണിലൂടെയാണ്. ഇതിനായി സുഹൃത്ത് പുതിയ സിം കാര്‍ഡ് എടുത്തിരുന്നു.






Tags:    

Similar News