പിഎസ്‌സി കോച്ചിങ് സെന്റര്‍ നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം

Update: 2020-02-23 06:56 GMT

തിരുവനന്തപുരം: സര്‍വീസിലിരുന്ന് പിഎസ്‌സി കോച്ചിങ് സെന്റര്‍ നടത്തുന്ന സെക്രട്ടേറിയറ്റിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം. പൊതുഭരണവകുപ്പിലെ അസിസ്റ്റന്റ് തസ്തികയില്‍ ജോലിനോക്കുന്ന മൂന്ന് പേര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പിഎസ്‌സിയുടെ ചോദ്യപേപ്പര്‍ കൈകാര്യം ചെയ്യുന്ന രഹസ്യ സ്വഭാവമുള്ള സെക്്ഷനുകളില്‍ ജോലി ചെയ്യുന്നവരുമായി കോച്ചിങ് സെന്ററുകള്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്തണമെന്ന ശുപാര്‍ശ ഫെബ്രുവരി ആദ്യം പിഎസ്‌സി സെക്രട്ടറി പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് നല്‍കിയിരുന്നു. സംഭവത്തില്‍ പൊതുഭരണ സെക്രട്ടറിയും പിഎസ്‌സി സെക്രട്ടറിയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പൊതുഭരണവകുപ്പ് പരാതി വിജിലന്‍സിന് കൈമാറി. വിജിലന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍ ഉണ്ടാവുക.




Tags:    

Similar News