വിദേശ പണം: വി ഡി സതീശന്‍ എംഎല്‍എക്കെതിരേ അന്വേഷണത്തിന് വിജിലന്‍സ്
എസ്പി കെ ഇ ബൈജു തയ്യാറാക്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി വഴി സര്‍ക്കാരിന് സമര്‍പ്പിച്ചു.
കൊച്ചി: ചട്ടംലംഘിച്ച് വിദേശ പണം സ്വീകരിച്ചെന്ന പരാതിയില്‍ വി ഡി സതീശന്‍ എംഎല്‍എയ്‌ക്കെതിരെ പ്രാഥമികഅന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടി. വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ് ഒന്ന് നടത്തിയ രഹസ്യാന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമികാന്വേഷണത്തിന് അനുമതി തേടിയത്. പറവൂരിലെ പുനര്‍ജനി പദ്ധതിക്കു വേണ്ടി എംഎല്‍എ ചട്ടം ലംഘിച്ച് വിദേശപണം സ്വീകരിച്ചു എന്നാണ് പരാതി.
എസ്പി കെ ഇ ബൈജു തയ്യാറാക്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി വഴി സര്‍ക്കാരിന് സമര്‍പ്പിച്ചു. 2018 ഒക്ടോബറില്‍ ലണ്ടനിലെ ബര്‍മിങ്ഹാമില്‍ നടന്ന പരിപാടിയില്‍ എംഎല്‍എ പണം ആവശ്യപ്പെട്ട് പ്രസംഗിക്കുന്നതിന്റെ ഡിജിറ്റല്‍ തെളിവ് വിജിലന്‍സ് ശേഖരിച്ചു. ഓരോരുത്തരും 500 പൗണ്ട് (48,300 രൂപ) വീതം നല്‍കാനായിരുന്നു അഭ്യര്‍ഥന. ഇതിന് വിദേശമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നോ, പണം എത്തിയ മാര്‍ഗം തുടങ്ങിയവ കണ്ടെത്താനാണ് അന്വേഷണം. പറവൂര്‍ മണ്ഡലത്തിലെ പുത്തന്‍വേലിക്കരയില്‍ വീട് നിര്‍മിച്ചുനല്‍കുന്ന പദ്ധതിയാണ് പുനര്‍ജനി. വിദേശമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് പണം ആവശ്യപ്പെട്ടതെന്ന് കണ്ടെത്തി. മുന്‍ എംഎല്‍എ പി രാജു, കാതുകൂടം ആക്ഷന്‍ കൗണ്‍സില്‍ എന്നിവര്‍ മുഖ്യമന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും നല്‍കിയ പരാതിയിലാണ് അന്വഷണം നടത്തിയത്.