ലോക്ക് ഡൗണ്‍ ലംഘിച്ച് അതിര്‍ത്തി കടന്ന് യാത്ര: അധ്യാപികക്കും എക്‌സൈസ് ഇന്‍സ്പക്ടര്‍ക്കുമെതിരേ കേസ്
എക്‌സൈസ് ഇന്‍സ്പക്ടര്‍ ഷാജഹാന്‍, കേന്ദ്രീയ വിദ്യാലയം അധ്യാപിക കാംന ശര്‍മ എന്നിവര്‍ക്കെതിരേയാണു കേസ്.
കല്‍പറ്റ: എക്സൈസ് വാഹനത്തില്‍ അധ്യാപികയെ കര്‍ണാടകയിലേക്ക് അതിര്‍ത്തി കടത്തി വിട്ട സംഭവത്തില്‍ വൈത്തിരി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. എക്‌സൈസ് ഇന്‍സ്പക്ടര്‍ ഷാജഹാന്‍, കേന്ദ്രീയ വിദ്യാലയം അധ്യാപിക കാംന ശര്‍മ എന്നിവര്‍ക്കെതിരേയാണു കേസ്. യാത്രാ പാസ് അനുവദിച്ച് കിട്ടുന്നതിനു കൃത്രിമ മാര്‍ഗം സ്വീകരിച്ചോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ പോലിസ് മേധാവി ആര്‍ ഇളങ്കോ പറഞ്ഞു.
എക്‌സൈസിന്റെ വാഹനത്തില്‍ ഇന്‍സ്പക്ടര്‍ അധ്യാപികയെ അതിര്‍ത്തി കടത്തിയെന്നാണു കേസ്. കൊവിഡ് 19 രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല പറഞ്ഞു. ജില്ലയില്‍ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് അവശ്യസാധനങ്ങളെടുക്കാന്‍ പോകുന്ന ചരക്ക് വാഹന ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കും. ചരക്ക് വാഹന ഉടമകളുടെ സത്യവാങ്മൂലം അന്തര്‍ സംസ്ഥാന അതിര്‍ത്തി കടന്നു പോകുന്ന ചരക്ക് വാഹനങ്ങളില്‍ പോകുന്നവര്‍ കരുതണം. മറ്റു ജില്ലകളില്‍ നിന്ന് കാട്ടുവഴികളിലൂടെ ജില്ലയിലേക്ക് വരുന്നത് തടയാന്‍ ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ വിവിധ തലത്തിലുള്ള കര്‍ശനമായ പരിശോധനയുണ്ടാവും.
തിരുനെല്ലി പഞ്ചായത്തില്‍ കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കാട്ടില്‍ പോകുന്നവര്‍ നിര്‍ബന്ധമായും ലേപനങ്ങള്‍ പുരട്ടണം. കുരങ്ങുകള്‍ പുഴയോരത്ത് ചത്തുകിടക്കുന്നത് കണ്ട സാഹചര്യത്തില്‍ പുഴകളില്‍ മീന്‍ പിടിക്കാന്‍ പോകുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു.
അതേസമയം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിഞ്ഞ 648 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ എണ്ണം 12203 ആയി. വ്യാഴാഴ്ച ജില്ലയില്‍ 35 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1579 ആണ്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 7 പേരാണ്. ജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച 284 സാമ്പിളുകളില്‍ നിന്നും 283 എണ്ണത്തിന്റെ ഫലം ലഭിച്ചു. 280 എണ്ണം നെഗറ്റീവാണ്. ജില്ലയിലെ 14 ചെക്ക് പോസ്‌ററുകളില്‍ 2109 വാഹനങ്ങളിലായി എത്തിയ 3175 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.