കണ്ണൂര്‍: വെഞ്ഞാറമൂട് ഇരട്ടക്കൊലയ്ക്കു പിന്നാലെ കോണ്‍ഗ്രസ്-സിപിഎം നേതാക്കളുടെ വാക് പോരിനിടെ ജില്ലയിലെ വിവിധയിടങ്ങളില്‍ അക്രമം തുടരുന്നു. കെ സുധാകരന്‍ എംപിയും എം വി ജയരാജനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ തമ്മില്‍ വാക് പോര് തുടരുന്നതിനിടെയാണ് പലയിടത്തും ഓഫിസിനു നേരെയും മറ്റും ആക്രമണമുണ്ടാവുന്നത്. കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ വേശാലമുക്കില്‍ കോണ്‍ഗ്രസ് സ്ഥാപിച്ച ബസ് വെയ്റ്റിങ് ഷെല്‍ട്ടര്‍ ഇന്നലെ രാത്രി അക്രമികള്‍ തകര്‍ത്തു. ആക്രമണത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
തലശ്ശേരിയില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനാശാലയ്ക്ക് നേരെ ബോംബേറുണ്ടായി. ചോനാട് അഴീക്കോടന്‍ സ്മാരകത്തിന് നേരെയാണ് ഇന്നലെ രാത്രി ബോംബേറുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേര്‍ ബോംബെറിഞ്ഞെന്നാണ് പോലിസിന് ലഭിച്ച വിവരം. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലിസ് അന്വേഷണം നടത്തുന്നത്. കണ്ണൂര്‍ ജില്ലയില്‍ 20ലേറെ പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതായാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. വെഞ്ഞാറമൂട് കൊലപാതകത്തിന്റെ പേരില്‍ അക്രമം തുടരാനാണു സിപിഎം തീരുമാനമെങ്കില്‍ കണ്ണൂരില്‍ ശക്തമായി തിരിച്ചടിക്കുമെന്നും ശക്തി പരീക്ഷിക്കാന്‍ സിപിഎം തയ്യാറാണെങ്കില്‍ വ്യക്തമാക്കണമെന്നും കെ സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Violence continues in Kannur during CPM-Congress leaders' war of words