കര്‍ഷകരിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത്

സംഭവത്തില്‍ നാലു കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടു പേര്‍ മരിച്ചിരുന്നു

Update: 2021-10-05 02:24 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ കര്‍ഷകര്‍ക്കിടയിലേക്ക് മനപ്പൂര്‍വം വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ നാലു കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടു പേര്‍ മരിച്ചിരുന്നു.സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന ഈ വീഡിയോയുടെ ആധികാരികത സംബന്ധിച്ച് ഇതുവരെ പോലിസ് വ്യക്തമാക്കിയിട്ടില്ല.

ഡ്രൈവിംഗ് സീറ്റില്‍ ആരാണ് ഉള്ളതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമല്ല. 25 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍, വാഹനം ഇടിക്കുമ്പോള്‍ കര്‍ഷകര്‍ നിലത്തു വീഴുന്നതും മറ്റുള്ളവര്‍ വഴിയില്‍ നിന്ന് രക്ഷപ്പെടാന്‍ പാടുപെടുന്നതും കാണാം.

മനപ്പൂര്‍വ്വമുള്ള കൂട്ടക്കൊലയ്ക്ക് തെളിവാണ് ദൃശ്യങ്ങളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഘര്‍ഷങ്ങളില്‍ 18 പേരെ അറസ്റ്റ് ചെയ്തതായി യുപി പോലിസ് അറിയിച്ചു. ചിലര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും മീററ്റ് ജില്ലാ പോലിസ് മേധാവി വിനീത് ഭട്‌നഗര്‍ പറഞ്ഞു. നാല് കമ്പനി കേന്ദ്രസേനയെ കൂടി ലഖിംപൂരില്‍ വിന്യസിച്ചു. മേഖലയിലാകെ നിരോധനാജ്ഞ തുടരുകയാണ്. പ്രിയങ്ക ഗാന്ധി ഇപ്പോഴും പോലിസ് കസ്റ്റഡിയിലാണ്.


Tags:    

Similar News