മാസ്‌ക് ധരിച്ചില്ലെന്ന്; യുവതിയെ നടുറോഡില്‍ ക്രൂരമായി തല്ലിച്ചതച്ച് പോലിസ്, സഹായത്തിനായി നിലവിളിച്ച് മകള്‍ (വീഡിയോ)

പോലിസ് പിടികൂടിയ ഇവരെ വാഹനത്തിനുള്ളില്‍ ബലം പ്രയോഗിച്ച് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ യുവതി പ്രതിരോധിച്ചു. തുടര്‍ന്ന് ഇവരെ പോലിസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഒരു പോലിസുകാരന്‍ യുവതിയുടെ വയറില്‍ ചവിട്ടി. ഒരു വനിതാ പോലിസും യുവതിയെ മര്‍ദ്ദിച്ചു. ഇവരുടെ മുടിയില്‍ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും ഇടിക്കുകയും ചെയ്തു.

Update: 2021-05-19 15:45 GMT

ഭോപാല്‍: മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച് യുവതിയെ മകളുടെ മുന്നിലിട്ട് നടുറോഡില്‍ ക്രൂരമായി തല്ലിച്ചതച്ച് പോലിസുകാര്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് ദാരുണമായ സംഭവമുണ്ടായത്. മകളുമൊത്ത് വീട്ടുസാധനങ്ങള്‍ വാങ്ങിക്കുന്നതിനായാണ് യുവതി പുറത്തിറങ്ങിയത്. ഇവര്‍ മാസ്‌ക് ധരിച്ചിരുന്നില്ല. പോലിസ് പിടികൂടിയ ഇവരെ വാഹനത്തിനുള്ളില്‍ ബലം പ്രയോഗിച്ച് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ യുവതി പ്രതിരോധിച്ചു. തുടര്‍ന്ന് ഇവരെ പോലിസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഒരു പോലിസുകാരന്‍ യുവതിയുടെ വയറില്‍ ചവിട്ടി.

ഒരു വനിതാ പോലിസും യുവതിയെ മര്‍ദ്ദിച്ചു. ഇവരുടെ മുടിയില്‍ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും ഇടിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അമ്മയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച മകളുടെ നേരെയും പോലിസ് ബലപ്രയോഗം നടത്തുകയും പിന്തിരിപ്പിക്കുകയും ചെയ്യുന്നതും വിഡീയോയില്‍ കാണാം. യുവതി പലതവണ റോഡില്‍ വീഴുന്നതും എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതും പോലിസ് വീണ്ടും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. യുവതിയും മകളും സഹായത്തിനായി ഉച്ചത്തില്‍ നിലവിളിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

റോഡിലുണ്ടായിരുന്ന പലരും ഇത് കാണുന്നുണ്ടെങ്കിലും ആരും ഇവരുടെ രക്ഷയ്‌ക്കെത്തുന്നില്ല. സംഭവം നടന്നതിന്റെ സമീപം നിന്നയൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഒരു സ്ത്രീയെ ഇത്തരത്തില്‍ മകളുടെ കണ്‍മുന്നിലിട്ട് ക്രൂരമായി തല്ലിച്ചതച്ചതിനെതിരേ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണുയരുന്നത്.

കൊവിഡ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് നേരെ പോലിസ് അക്രമം അഴിച്ചുവിടുന്നത് മധ്യപ്രദേശില്‍ ആദ്യത്തെ സംഭവമല്ല. സംസ്ഥാനത്ത് സമാനമായ സംഭവങ്ങള്‍ നിരവധി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് മാസ്‌ക് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇന്‍ഡോറില്‍ രണ്ടുപോലിസുകാര്‍ ചേര്‍ന്ന് ഒരാളെ നടുറോഡില്‍ തല്ലിച്ചതച്ചത്.

Tags:    

Similar News