കൊറോണ പ്രകൃതിദത്ത വൈറസല്ല; ലാബ് സൃഷ്ടിയെന്ന് നിതിന്‍ ഗഡ്കരി
കൊറോണയ്‌ക്കൊപ്പം ജീവിക്കുന്ന കല നാം സായത്തമാക്കണം
ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രകൃതിയില്‍ സ്വാഭാവികമായി ഉണ്ടായതല്ലെന്നും ലാബില്‍ സൃഷ്ടിച്ചതാണെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. 'കൊറോണയ്‌ക്കൊപ്പം ജീവിക്കുന്ന കല നാം സായത്തമാക്കണം. ഇതൊരു പ്രകൃതിദത്ത വൈറസല്ല. ഇതൊരു കൃത്രിമ വൈറസാണ്. ഇപ്പോള്‍ ലോകത്തെ പല രാജ്യങ്ങളും വാക്‌സിനു വേണ്ടി ഗവേഷണം നടത്തുന്നു. വാക്‌സിന്‍ ലഭ്യമല്ല. എത്രയും വേഗം വാക്‌സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിതിന്‍ ഗഡ്കരി എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ ചൈനയെ ലക്ഷ്യമിട്ട് ഇത്തരം പ്രസ്താവന നടത്തിയിരുന്നെങ്കിലും ഇന്ത്യയില്‍നിന്ന് ആദ്യമായാണ് ഇത്തരമൊരു അഭിപ്രായം പറയുന്നത്.
വൈറസിനെ വേഗത്തില്‍ തിരിച്ചറിയാനുള്ള സാങ്കേതികത ആവശ്യമാണ്. ലാബില്‍ സൃഷ്ടിക്കപ്പെട്ടതിനാല്‍ വൈറസ് വ്യാപനം അപ്രതീക്ഷിതമായിരുന്നു. ലോകവും ഇന്ത്യയും ശാസ്ത്രവുമെല്ലാം വൈറസിനെതിരേ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഒരു പരിഹാരമായാല്‍ നമുക്ക് ആത്മവിശ്വാസം വര്‍ധിക്കുമെന്നും വാക്‌സിന്‍ കണ്ടെത്തിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെതിരേ പോരാടേണ്ടതുണ്ട്. അതോടൊപ്പം സാമ്പത്തിക യുദ്ധത്തിലുമാണ്. കുറേമാസം ലോക്ക്ഡൗണ്‍ നീട്ടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.