പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വോളന്റിയര്‍മാരെ വിട്ടുനല്‍കും: പോപുലര്‍ ഫ്രണ്ട്
ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഭക്ഷ്യക്ഷാമം അടക്കമുള്ള പ്രയാസങ്ങള്‍ നേരിട്ടുതുടങ്ങിയിട്ടുണ്ട്. ഇത്തരം മേഖലകളില്‍ അനിവാര്യമായ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും
കോഴിക്കോട്: ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് നിയന്ത്രിക്കുന്നതിനും വ്യാപനം തടയാനും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന മുഴുവന്‍ ശ്രമങ്ങള്‍ക്കും എല്ലാവിധ പിന്തുണയും അറിയിക്കുന്നതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. രാജ്യത്തുണ്ടായിരിക്കുന്ന അത്യസാധാരണ സാഹചര്യത്തെ നേരിടാന്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ഏത് ഘട്ടത്തിലും രംഗത്തിറങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ സാധ്യമാവുന്ന മനുഷ്യവിഭവത്തെ സര്‍ക്കാര്‍ സംവിധങ്ങള്‍ക്ക് കീഴില്‍ ഉപയോഗപ്പെടുത്താന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സജ്ജമാണ്. ഇതിനായി ഏരിയാതലത്തില്‍ പ്രത്യേക വോളന്റിയര്‍മാരുടെ സംഘത്തെ ക്രമീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ജില്ലാ ഭാരവാഹികള്‍, ജില്ലാ ഭരണകൂടവുമായി ആശയവിനിമയം നടത്തുകയും സംഘടനയുടെ പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
തുടക്ക ഘട്ടത്തില്‍ നിന്നു വ്യത്യസ്തമായി രോഗബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. രാജ്യം മുഴുവന്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ, ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഭക്ഷ്യക്ഷാമം അടക്കമുള്ള പ്രയാസങ്ങള്‍ നേരിട്ടുതുടങ്ങിയിട്ടുണ്ട്. ഇത്തരം മേഖലകളില്‍ അനിവാര്യമായ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ഹോം ക്വാറന്റൈനില്‍ കഴിയുന്നവരടക്കമുള്ളവര്‍ക്ക് ആവശ്യമായ സേവന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിര്‍ദേശാനുസരണം ലഭ്യമാക്കും.
സാമൂഹിക വ്യാപനം തടയുക എന്ന അനിവാര്യമായ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ എല്ലാത്തരം സന്നദ്ധപ്രവര്‍ത്തനങ്ങളും ആരോഗ്യരംഗത്തെ വിദഗ്ദരുടെ മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിച്ചുകൊണ്ടും സ്വയം സൂക്ഷ്മത പുലര്‍ത്തിയും വേണം നിര്‍വഹിക്കേണ്ടത്. അനിവാര്യമായ ആവശ്യങ്ങള്‍ക്കല്ലാതെ, വീടിനു പുറത്തിറങ്ങാതിരിക്കാനുള്ള ഉത്തരവാദിത്തം ഓരോരുത്തരും സ്വയം ഏറ്റെടുക്കണം. ഈ ഘട്ടത്തില്‍ തൊഴില്‍ നഷ്ടം മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാനുള്ള ഉത്തരവാദിത്തം വീഴ്ച കൂടാതെ നിര്‍വഹിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പുലര്‍ത്തണം. ഈ മഹാമാരിയില്‍ നിന്നു നമ്മുടെ നാടിനെയും സമൂഹത്തെയും രക്ഷപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോട് മുഴുവന്‍ ജനവിഭാഗങ്ങളും പൂര്‍ണമായി സഹകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.