'അസമിന്റെ ഭാവി ജനങ്ങളെ ആശ്രയിച്ചിരിക്കും, ബിജെപിക്കോ സിഎഎയ്ക്ക് അനുകൂലമായവര്‍ക്കോ വോട്ടുചെയ്യരുത്': ജയിലില്‍ നിന്ന് അഖില്‍ ഗൊഗോയി

അസമിനെ രക്ഷിക്കാനായി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഏറ്റവും ശക്തമായ ബിജെപി ഇതര സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

Update: 2021-03-21 14:25 GMT

ഗുവാഹത്തി: ബിജെപിക്കോ സിഎഎയ്ക്ക് അനുകൂലമായവര്‍ക്കോ വോട്ടുചെയ്യരുതെന്ന ആഹ്വാനവുമായി ആക്ടിവിസ്റ്റും കര്‍ഷക നേതാവുമായ അഖില്‍ ഗൊഗോയി. സിബ്‌സാഗര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന അഖില്‍ ഗൊഗോയ് ജയിലില്‍ നിന്നാണ് തുറന്നകത്ത് അയച്ചത്.

'അസമിന്റെ ഭാവി ജനങ്ങളെ ആശ്രയിച്ചിരിക്കും, അവര്‍ സംസ്ഥാനത്തെ രക്ഷിക്കാനുള്ള അന്തിമ തീരുമാനം എടുക്കണം. അസം രക്ഷപ്പെടണമെങ്കില്‍ ബിജെപിക്കോ സിഎഎയ്ക്ക് അനുകൂലമായവര്‍ക്കോ വോട്ടുചെയ്യരുത്,' അഖില്‍ ഗൊഗോയി ആഹ്വാനം ചെയ്തു.

അസമിനെ രക്ഷിക്കാനായി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഏറ്റവും ശക്തമായ ബിജെപി ഇതര സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

അസമിനെയും ജനങ്ങളുടെ ഭാവിയെയും ജനാധിപത്യ വിരുദ്ധ ബിജെപിയില്‍ നിന്ന് രക്ഷിക്കാനാണ് ഞാന്‍ ജയിലില്‍ നിന്ന് ഈ കത്ത് അയയ്ക്കുന്നതെന്ന് അഖില്‍ ഗൊഗോയ് പറഞ്ഞു. ഈ കാലയളവില്‍ താന്‍ കടുത്ത മാനസികവും ശാരീരികവുമായ ആഘാതം അനുഭവിച്ച് ജയിലില്‍ കഴിയുകയാണെന്നും തന്റെ ഭാവി എന്താണെന്ന് അറിയില്ലെന്നും അഖില്‍ ഗൊഗോയി പറഞ്ഞു. പക്ഷേ ബിജെപി ഭരണത്തിന്‍ കീഴില്‍ അസമിന്റെയും അവിടുത്തെ ജനങ്ങളുടെയും ഭാവി ഇരുണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. അസമില്‍ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ജയിലില്‍ കഴിയുകയാണ് ഗൊഗോയി.

Tags:    

Similar News