നിയമസഭാ തിരഞ്ഞെടുപ്പ്: ഗോവയിലും ഉത്തരാഖണ്ഡിലും യുപിയിലും പോളിങ് തുടങ്ങി

ഉത്തരാഖണ്ഡില്‍ 70 മണ്ഡലങ്ങളിലായി 81 ലക്ഷം വോട്ടര്‍മാര്‍ ആണ് വിധിയെഴുതുക. 152 സ്വതന്ത്രര്‍ അടക്കം 632 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.

Update: 2022-02-14 03:46 GMT

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് തുടങ്ങി.ഉത്തര്‍പ്രദേശിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് കൂടാതെ ഗോവയും ഉത്തരാഖണ്ഡുമാണ് ഇന്ന് ജനവിധി തേടുന്നത്. ബിജെപിക്കും കോണ്‍ഗ്രസിന് ഒരുപോലെ നിര്‍ണായകമാണ് വോട്ടെടുപ്പ്.

ഉത്തരാഖണ്ഡില്‍ 70 മണ്ഡലങ്ങളിലായി 81 ലക്ഷം വോട്ടര്‍മാര്‍ ആണ് വിധിയെഴുതുക. 152 സ്വതന്ത്രര്‍ അടക്കം 632 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. ഇരു പാര്‍ട്ടികളുടെയും വോട്ട് പിടിക്കാന്‍ ഇത്തവണ ആം ആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്.വോട്ടെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്. കടുത്ത പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് ബിജെപിക്കാണ് മുന്‍തൂക്കമെന്നാണ് അഭിപ്രായ സര്‍വേ വിലയിരുത്തല്‍.

ഗോവയില്‍ നാല്‍പ്പത് സീറ്റുകളിലേക്കാണ് മത്സരം നടക്കുക. ഒറ്റ ഘട്ടത്തില്‍ തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കും. ഇവിടെ ഭരണത്തിലുള്ള ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി ആംആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ രംഗത്തുണ്ട്. 301 സ്ഥാനാര്‍ഥികളാണ് ഗോവയില്‍ തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തന്നെയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. അമിത് പലേക്കറാണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. 11.6 ലക്ഷം വോട്ടര്‍മാര്‍ ഗോവയില്‍ ഇന്ന് വിധിയെഴുതും.

ഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ഒമ്പത് ജില്ലകളിലെ 55 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. ജയിലില്‍ കഴിയുന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍, മകന്‍ അബ്ദുള്ള, യുപി ധനമന്ത്രി സുരേഷ് ഖന്ന, രാജിവെച്ച് എസ്പിയില്‍ ചേര്‍ന്ന ധരംപാല്‍ സിങ് എന്നിവരാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖര്‍. 2017ല്‍ ഈ മേഖലയില്‍ നിന്ന് 38 സീറ്റ് നേടിയ ബിജെപിക്ക് 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 27 നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് കിട്ടിയിരുന്നുള്ളൂ. നിലവില്‍ 15 സീറ്റാണ് ഇവിടെ നിന്ന് സമാജ്‌വാദി പാര്‍ട്ടിക്ക് ഉള്ളത്. ദളിത്, പിന്നാേക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഇവിടെ വലിയ മുന്നേറ്റം കാഴ്ചവെക്കാനാകുമെന്നാണ് എസ്പിയുടെ ആത്മവിശ്വാസം.

യുപിയില്‍ ആദ്യ ഘട്ടത്തില്‍ അറുപത് ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. വോട്ടെടുപ്പിന് ശേഷം അഖിലേഷ് യാദവ് വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇളവുകള്‍ നല്‍കിയ ശേഷം വലിയ ആള്‍ക്കൂട്ടമാണ് അഖിലേഷ് യാദവിന്റെ യോഗങ്ങളില്‍ കാണുന്നത്.

അതേസമയം, എല്ലാ വോട്ടര്‍മാരോടും പോളിങ് ബൂത്തിലെത്താനും ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കാളികളാകും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.

Tags:    

Similar News