ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

Update: 2024-07-10 06:45 GMT

ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മൂന്നാം തവണയും അധികാരം കൈപ്പിടിയിലൊതുക്കിയെങ്കിലും ബിജെപിക്ക് 240 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. ഇന്‍ഡ്യ സഖ്യം നില മെച്ചപ്പെടുത്തുകയും കോണ്‍ഗ്രസ് 99 സീറ്റുകള്‍ നേടി ശക്തിപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പുകള്‍ എന്നത് ശ്രദ്ധേയമാണ്.

ഏഴു സംസ്ഥാനങ്ങളില്‍ നാലിലും നിലവില്‍ ബിജെപി-എന്‍ഡിഎ ഇതര സര്‍ക്കാരുകളാണ് ഭരണം കൈയാളുന്നത്. പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, തമിഴ്‌നാട് എന്നിവയാണ് എന്‍ഡിഎ ഇതര സര്‍ക്കാരുകള്‍ക്ക് ഭരണമുള്ള സംസ്ഥാനങ്ങള്‍. ബിഹാര്‍, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് ബിജെപിയോ എന്‍ഡിഎ മുന്നണിയോ ഭരിക്കുന്നത്.

പശ്ചിമ ബംഗാളിലെ റായ്ഗഞ്ജ്, റാണാഘട്ട് ദക്ഷിണ, ബഗ്ഡ, മനിക്താല എന്നീ നാലിടങ്ങളിലും ഹിമാചല്‍ പ്രദേശിലെ ദഹ്‌റ, ഹാമിര്‍പൂര്‍, നലഗണ്ട എന്നീ മൂന്നു മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ്. ഉത്തരാഖണ്ഡില്‍ ബദരീനാഥ്, മാംഗ്‌ളൗര്‍ പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ്, ബിഹാറിലെ രൂപാലി, തമിഴ്‌നാട്ടില്‍ വിക്രവണ്ടി, മധ്യ പ്രദേശില്‍ അമര്‍വാര എന്നിവയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങള്‍.

ബിഎസ്പിയുടെ സാന്നിധ്യമുള്ളതിനാല്‍ ഉത്തരാഖണ്ഡിലെ മാംഗ്‌ളൗരില്‍ ത്രികോണ മല്‍സരമാണ് നടക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള ആദ്യ ഉപതിരഞ്ഞെടുപ്പെന്ന നിലയില്‍ എന്‍ഡിഎ മുന്നണിക്കും ഇന്‍ഡ്യ സഖ്യത്തിനും ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണിത്. 13 നാണ് വോട്ടെണ്ണല്‍.


Tags:    

Similar News