ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിവിപാറ്റ് സ്ലിപ്പുകള്‍ നശിപ്പിച്ചു; ഇവിഎം അട്ടിമറി സംശയം ബലപ്പെടുന്നു
ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ ഉപയോഗിച്ച വിവിപാറ്റ് സ്ലിപ്പുകള്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നശിപ്പിച്ചതായി റിപോര്‍ട്ട്. ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ 'ദി ക്വിന്റി'നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ദുരുഹമായ വിവരം ലഭിച്ചത്. നേരത്തേ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷിന്‍ അട്ടിമറി നടന്നെന്ന ആക്ഷേപമുണ്ടായിരുന്നു. ഇത്തരത്തുള്ള സംശയം ബലപ്പെടുത്തുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഏതു തിരഞ്ഞെടുപ്പിലെയും വിവിപാറ്റ് സ്ലിപ്പുകള്‍ ഒരു വര്‍ഷം സൂക്ഷിക്കണമെന്നാണ് തിരഞ്ഞെടുപ്പ് ചട്ടം. എന്നാല്‍, കഴിഞ്ഞ മെയ് മാസം നടന്ന തിരഞ്ഞെടുപ്പിലെ ഫലം പ്രഖ്യാപിച്ച് വെറും നാലുമാസത്തിനു ശേഷമാണ് വിവിപാറ്റ് സ്ലിപ്പുകളെല്ലാം നശിപ്പിച്ചത്. വിവിപാറ്റ് സ്ലിപ്പുകള്‍ നശിപ്പിക്കാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് ഇക്കഴിഞ്ഞ സപ്തംബര്‍ 24ന് എഴുതിയ കത്തും ദി ക്വിന്റ് പുറത്തുവിട്ടിട്ടുണ്ട്.
നേരത്തേ, വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന വ്യാപക പരാതികളെ തുടര്‍ന്നാണ് വിവിപാറ്റ് സ്ലിപ്പ് ഏര്‍പ്പെടുത്തിയത്. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍ക്ക് കണ്ട് മനസ്സിലാക്കാനുള്ള രേഖയാണിത്. വോട്ടെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ ഇതുവഴി കണ്ടെത്താമെന്നിരിക്കെ ചട്ടവിരുദ്ധമായി നാലുമാസത്തിനകം നശിപ്പിക്കപ്പെട്ടത് നിയമവിരുദ്ധമാണെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് കമ്മീഷന് സ്ലിപ് നശിപ്പിക്കാന്‍ അധികാരമുള്ളത്.
നേരത്തേ, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ എട്ടുസ്ഥലങ്ങളില്‍ വോട്ടിങ് യന്ത്രത്തിലെയും വിവിപാറ്റിലെയും വോട്ടുകളുടെ എണ്ണത്തില്‍ നേരിയ വ്യത്യാസം അനുഭവപ്പെടുകയും കഴിഞ്ഞ ജൂലൈയില്‍ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.