2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം നല്‍കി നിതീഷ് കുമാര്‍

Update: 2022-08-24 13:59 GMT

പട്‌ന: 2024 പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷഐക്യം സാധ്യമാക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആഹ്വാനം ചെയ്തു. വിശ്വാസവോട്ട് നേടിക്കഴിഞ്ഞ ശേഷം സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് പ്രതിപക്ഷപാര്‍ട്ടികള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരേ ഐക്യനിര കെട്ടിപ്പടുക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടത്. ബിജെപി രാജ്യത്തെ ഓരോ കോണുകളിലും  അസ്വസ്ഥത സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

''ബീഹാറിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ (ആര്‍ജെഡിയും ജെഡി(യു)വും) പ്രതിജ്ഞയെടുത്തു. രാജ്യത്തുടനീളമുള്ള നേതാക്കള്‍ എന്നെ വിളിച്ച് ഈ തീരുമാനത്തെ അഭിനന്ദിച്ചു, 2024 ലെ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് പോരാടാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. കേന്ദ്രം എന്തെങ്കിലും  ചെയ്യുന്നുണ്ടോ? അവര്‍ പരസ്യം മാത്രമാണ് ചെയ്യുന്നത്'- അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിയുടെ സ്വാതന്ത്ര്യസമരത്തിലെ പങ്കിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ മഹാത്മാഗാന്ധിയെ തീര്‍ത്തവരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

'സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തെ കുറിച്ചാണ് നിങ്ങള്‍ പറയുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ നിങ്ങള്‍ എവിടെയായിരുന്നു? അവസാനം ബാപ്പുവിനെ (മഹാത്മാഗാന്ധി) അവര്‍ അവസാനിപ്പിച്ചു. ഞങ്ങള്‍ ഒത്തുചേര്‍ന്നിരിക്കുന്നു. എല്ലാവര്‍ക്കും മുന്നില്‍ ഞങ്ങള്‍ അത് തുറന്നുകാട്ടും. സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് അവരുടെ ഒരേയൊരു ജോലി. എല്ലാവരും ഒത്തുചേരുമ്പോള്‍, ആരും അവരെക്കുറിച്ച് ചോദിക്കില്ല'- അദ്ദേഹം പറഞ്ഞു. 

വോട്ടെടുപ്പ് നടക്കുമ്പോള്‍ ബിജെപി സഭയില്‍നിന്ന് ഇറങ്ങിപ്പോയി. 

Tags:    

Similar News