വാളയാര്‍ കേസ്: നീതി തേടി പെണ്‍കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ സത്യഗ്രഹം 13ന്
ക്രൂരപീഡനങ്ങളെതുടര്‍ന്ന് മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ ജന്മദിനമായ ഈ മാസം 13നാണ് കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് മുമ്പില്‍ മാതാപിതാക്കള്‍ സത്യഗ്രഹമിരിക്കുന്നത്.
പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച ദലിത് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നീതി തേടി സത്യഗ്രഹമിരിക്കുന്നു. ക്രൂരപീഡനങ്ങളെതുടര്‍ന്ന് മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ ജന്മദിനമായ ഈ മാസം 13നാണ് കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് മുമ്പില്‍ മാതാപിതാക്കള്‍ സത്യഗ്രഹമിരിക്കുന്നത്.
കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ എം ജെ സോജനെ എസ്പി ആക്കുന്ന നിയമന ഉത്തരവ് അദ്ദേഹത്തിന്റെ ഓഫിസിനു മുമ്പില്‍വച്ച് കത്തിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. വാളയാര്‍ കിഡ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. 13 വയസുകാരിയെ 2017 ജനുവരി 13നും ഒമ്പതു വയസ്സുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളുടെ ലൈംഗികപീഡനം സഹിക്കാനാവാതെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ കേസിലെ പ്രതികളെ വിചാരണക്കോടതി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിടുകയായിരുന്നു.
വാളയാര്‍കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയുടെ വിധി കാക്കുകയാണ് നിസ്സഹായരായ മാതാപിതാക്കള്‍. പുനരന്വേഷണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്.