വാളയാര്‍ പീഡനക്കേസ്: ഹൈക്കോടതി വിധി സ്വാഗതാര്‍ഹം- എസ്ഡിപിഐ
കേസന്വേഷിച്ച പോലിസ് സംഘവും പ്രോസിക്യൂഷനും ഉള്‍പ്പെടെ നീതിയെ കൊല ചെയ്യാന്‍ നടത്തിയ ഹീനമായ ശ്രമത്തെയാണ് ഹൈക്കോടതി വിധി പൊളിച്ചെഴുതിയിരിക്കുന്നത്.
തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ എസ് കാജാ ഹുസൈന്‍.
ഇത് സംസ്ഥാനത്തെ നീതി ആഗ്രഹിക്കുന്ന ജനങ്ങളുടെ വിജയമാണ്. കുരുന്നു പെണ്‍കുട്ടികള്‍ ക്രൂരമായ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ സംരക്ഷിക്കുന്നതിന് ഉന്നതതല ഗൂഢാലോചന നടന്നതായി തെളിയിക്കുന്നതായിരുന്നു പാലക്കാട് പോക്‌സോ കോടതി ഉത്തരവ്. കേസന്വേഷിച്ച പോലിസ് സംഘവും പ്രോസിക്യൂഷനും ഉള്‍പ്പെടെ നീതിയെ കൊല ചെയ്യാന്‍ നടത്തിയ ഹീനമായ ശ്രമത്തെയാണ് ഹൈക്കോടതി വിധി പൊളിച്ചെഴുതിയിരിക്കുന്നത്.
സംസ്ഥാനത്തെ നീതി ആഗ്രഹിക്കുന്ന ജനതയൊന്നാകെ ഈ കുരുന്നുകള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടത്തിവരികയായിരുന്നു. ഇത് നീതിയുടെ പ്രാഥമിക വിജയമാണ്. ഭീകരമായ കുറ്റകൃത്യം ചെയ്ത പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് നമുക്ക് പ്രത്യാശിക്കാം. കുറ്റമറ്റ രീതിയില്‍ തുടരന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും പ്രതികളെ സംരക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയവരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും കാജാ ഹുസൈന്‍ ആവശ്യപ്പെട്ടു.