നിയമസഭാ കൈയാങ്കളി കേസ്: കെ കെ ലതികക്കെതിരായ കൈയേറ്റ ശ്രമത്തില്‍ രണ്ട് മുന്‍ എംഎല്‍എമാര്‍ക്ക് വാറണ്ട്

കോണ്‍ഗ്രസ് നേതാക്കളായ മുന്‍ കഴക്കൂട്ടം എംഎല്‍എ എം എ വാഹിദ്,പാറശാല എംഎല്‍എ എ ടി ജോര്‍ജ് എന്നിവര്‍ക്കാണ് വാറണ്ട്

Update: 2022-09-14 09:33 GMT

തിരുവനന്തപുരം:കെ കെ ലതികയെ നിയമസഭയില്‍ വച്ച് കൈയേറ്റം ചെയ്തുവെന്ന കേസില്‍ രണ്ട് മുന്‍ എംഎല്‍എമാര്‍ക്ക് വാറണ്ട്. കോണ്‍ഗ്രസ് നേതാക്കളായ മുന്‍ കഴക്കൂട്ടം എംഎല്‍എ എം എ വാഹിദ്,പാറശാല എംഎല്‍എ എ ടി ജോര്‍ജ് എന്നിവര്‍ക്കാണ് വാറണ്ട്.കെ കെ ലതിക തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് നല്‍കിയ പരാതിയിലാണ് കേസെടുത്തിരുന്നത്.നിരന്തരം ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറണ്ട്.

2015 മാര്‍ച്ച് 13ന് നിയമസഭയില്‍ നടന്ന ആക്രമണ സംഭവങ്ങള്‍ക്കിടേയാണ് കുറ്റിയാടി എംഎല്‍എയായിരുന്ന കെ കെ ലതികയ്ക്ക് മര്‍ദനമേറ്റത്. അന്നത്തെ ധനകാര്യ മന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനായിരുന്നു പ്രതിഷേധം.

അതേസമയം നിയമസഭാ ആക്രമണക്കേസില്‍ മന്ത്രി വി. ശിവന്‍കുട്ടി അടക്കം അഞ്ച് പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായി.മന്ത്രി വി ശിവന്‍കുട്ടിയെ കൂടാതെ കെ ടി ജലീല്‍, സി കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ്, കെ അജിത്ത് എന്നിവരാണ് കോടതിയില്‍ എത്തിയത്.കേസില്‍ കറ്റപത്രം വായിച്ചു കേള്‍പ്പിച്ചതിനു പിന്നാലെ പ്രതികള്‍ കുറ്റം നിഷേധിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഹാജരായില്ല. കേസ് സെപ്തംബര്‍ 26ന് വീണ്ടും പരിഗണിക്കും.





Tags:    

Similar News