വയനാട് ദുരന്തം: മരണം 169; 75 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

Update: 2024-07-31 06:53 GMT

മേപ്പാടി: വയനാട് ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 169 മരണം സ്ഥിരീകരിച്ചു. 75 പേരെ തിരിച്ചറിഞ്ഞു. മരണപ്പെട്ടവരില്‍ 91പേരുടെ മൃതദേഹങ്ങള്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവ. ആശുപത്രിയിലുമാണുള്ളത്. 123 പേരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായിട്ടുണ്ട്. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങള്‍ വയനാട്ടില്‍ എത്തിച്ചശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ആകെ 195 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 190 പേര്‍ വയനാട്ടിലും 5 പേര്‍ മലപ്പുറത്തുമായിരുന്നു. വയനാട്ടില്‍ എത്തിയ 190 പേരില്‍ 133 പേര്‍ വിംസ് ആശുപത്രിയിലും 28 പേര്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 24 പേര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും 5 പേര്‍ വൈത്തിരി താലൂക് ആശുപത്രിയിലുമാണ്. നിലവില്‍ 97 പേര്‍ വയനാട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുണ്ട്. ഇതില്‍ 92 പേരും വയനാട്ടിലാണ്.

ചൂരല്‍മലയിലേക്ക് ബെയിലി പാലവുമായി സൈന്യം ഇന്നെത്തും

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ബെയിലി പാലം നിര്‍മാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം എത്തുന്നു. ഡല്‍ഹിയില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേന വിമാനത്തില്‍ ഇന്ന് (ബുധനാഴ്ച) രാവിലെ 11.30 ഓടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും. കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാ വത് ആണ് ഈ പ്രവര്‍ത്തനം ഏകോപിപ്പിക്കുക. 17 ട്രക്കുകളിലായി പാലം നിര്‍മ്മാണത്തിന്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിക്കും.

Tags:    

Similar News