ചാലിയാറില്‍ നിന്ന് ലഭിച്ചത് 58 മൃതദേഹങ്ങളും 95 ശരീര ഭാഗങ്ങളും; 146 എണ്ണം വയനാട്ടിലേക്ക് കൊണ്ടുപോയി

Update: 2024-08-01 14:59 GMT

നിലമ്പൂര്‍: വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടേതായി മലപ്പുറം ജില്ലയില്‍ ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആകെ ലഭിച്ചത് 58 മൃതദേഹങ്ങളും 95 ശരീര ഭാഗങ്ങളും. ആകെ 153 എണ്ണം. 32 പുരുഷന്മാരുടെയും 23 സ്ത്രീകളുടെയും 2 ആണ്‍കുട്ടികളുടെയും ഒരു പെണ്‍കുട്ടിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 95 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. പോലിസ്, ഫയര്‍ഫോഴ്‌സ്, എന്‍ ഡിആര്‍എഫ്, നാട്ടുകാര്‍, നൂറുകണക്കിന് വേന്റളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മൂന്ന് ദിവസമായി നടത്തിയ തിരച്ചിലിലാണ് ഇത്രയും മൃതദേഹങ്ങള്‍ ലഭിച്ചത്.

    ഇതുവരെ 146 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. 143 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു. ബാക്കി 7 എണ്ണത്തിന്റെ പോസ്റ്റ് മോര്‍ട്ടം പുരോഗമിക്കുന്നു. തിരിച്ചറിഞ്ഞ മൂന്ന് മൃതദേഹങ്ങളാണ് ബന്ധുക്കള്‍ എത്തി കൊണ്ടുപോയത്. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് തിരിച്ചറിയാനുള്ള സൗകര്യം പരിഗണിച്ചാണ് എല്ലാ മൃതദേഹങ്ങളുംഉടന്‍ വയനാട്ടിലെത്തിക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചത്.

    വയനാട് ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരെ കണ്ടെത്താനായി ചാലിയാര്‍ പുഴയുടെ എടവണ്ണ കടവുകളിലും വ്യാഴാഴ്ച തിരച്ചില്‍ നടത്തി. ബുധനാഴ്ച വാഴക്കാട് നിന്നു ഒരു മൃതദേഹം ലഭിച്ചിരുന്നു. ഇതോടെയാണ് എടവണ്ണ മേഖലകളിലും പരിശോധന നടത്താന്‍ തീരുമാനിച്ചത്. ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് ചാലിയാര്‍ പുഴയില്‍ എടവണ്ണ, ഓതായി, മമ്പാട്, കുണ്ടുതോട്, കൊളപ്പാട് പാവണ്ണ, തുടങ്ങിയ മേഖലകളിലൂടെ പരിശോധനകള്‍ നടത്തിയത്. എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ് എടവണ്ണ യൂനിറ്റിന്റെ ബോട്ടിലാണ് ഈ മേഖലകളില്‍ പോലിസ് പരിശോധന നടത്തിയത്.

    ഉരുള്‍പൊട്ടല്‍ നടന്ന വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവയോട് ഏറ്റവും അടുത്തുള്ള പോത്തുകല്ല് പഞ്ചായത്തിലെ കടവുകളില്‍ നിന്നാണ് ആദ്യം മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നതെങ്കില്‍ പിന്നീട് കിലോമീറ്ററുകള്‍ താഴെ വാഴക്കാട് നിന്നടക്കം മൃതഹങ്ങള്‍ ലഭിച്ചു. ചാലിയാറില്‍ നിന്ന് ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് നടത്തുന്നത്.

Tags:    

Similar News