സൂചിപ്പാറ തിരച്ചിലില്‍ വന്‍ അലംഭാവം; കണ്ടെത്തിയ നാല് മൃതദേഹങ്ങള്‍ പുറത്തെടുത്തില്ല
കല്‍പ്പറ്റ: വയനാട് ദുരന്തത്തിന്റെ 11ാം നാളില്‍ സൂചിപ്പാറയില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ പുറത്തെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപണം. വെള്ളിയാഴ്ച രാവിലെ 9.55 ഓടെയാണ് വിലെ സൂചിപ്പാറ, ശാന്തമ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തു നിന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിച്ചെങ്കിലും തുടര്‍നടപടിയയെടുത്തില്ലെന്നാണ് ആരോപണം. എസ്ഡിപി ഐ മൂപ്പൈനാട് പഞ്ചായത്ത് സെക്രട്ടറി നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എട്ടംഗ സംഘമാണ് മൃതദേഹം കണ്ടെത്തിയത്. ദുരന്തമുണ്ടായ ശേഷം ആരും തന്നെ ഈ ഭാഗത്തേക്ക് വന്നിരുന്നില്ല. ഇന്ന് ആദ്യമായി യുവാക്കളെത്തിയപ്പോഴാണ് നാലു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എസ് ഡിപി ഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അലി, പ്രദേശത്തെ സന്നദ്ധ സംഘടനയായ ചാംപ്യന്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തകരായ കബീര്‍, ലിബാസ്, മുബഷിര്‍, രാഹുല്‍, ഷാനവാസ് എന്നിവരാണ് മൃതദേഹങ്ങളള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വാര്‍ഡ് മെംബര്‍, ഫോറസ്റ്റ് ഓഫിസര്‍ തുടങ്ങി എല്ലാവരെയും വിവരം അറിയിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ജീര്‍ണാവസ്ഥയിലായിരുന്നു. വോളന്റിയര്‍മാര്‍ക്ക് പുറത്തെടുക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന്
യുവാക്കളെ അധികൃതര്‍ ഹെലിക്‌പോറ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്ത് ബത്തേരിയില്‍ ഇറക്കി. എന്നാല്‍, മൃതദേഹങ്ങള്‍ പുറത്തെടുക്കാനോ മേപ്പാടിയിലെത്തിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ തയ്യാറായില്ലെന്നാണ് ആരോപണം. ഇനിയും കൂടുതല്‍ മൃതദേഹ ഭാഗങ്ങള്‍ പ്രദേശത്തുണ്ടെന്നും ആദ്യമായാണ് ഇവിടെ രക്ഷാപ്രവര്‍ത്തകരെത്തുന്നതെന്നും നൗഫല്‍ പറഞ്ഞു. ഇന്ന് ജനകീയ തിരച്ചില്‍ നടത്തിയെങ്കിലും സൂചിപ്പാറയില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. മൃതദേഹത്തോടുള്ള അവഗണനയാണിതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൂടുതല്‍ സജ്ജീകരണങ്ങളുമായെത്തി നാളെ മൃതദേഹങ്ങള്‍ പുറത്തെടുക്കാമെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. എന്നാല്‍, പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കാരണം നാളത്തെ ജനകീയ തിരച്ചില്‍ ഞായറാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.