വയനാട് ദുരന്തം മനുഷ്യനിര്‍മിതമെന്ന് മാധവ് ഗാഡ്ഗില്‍; കേരള സര്‍ക്കാര്‍ പാരിസ്ഥിതിക ശുപാര്‍ശകള്‍ അവഗണിച്ചു

Update: 2024-07-31 06:14 GMT

കോഴിക്കോട്: വയനാട് ദുരന്തം മനുഷ്യനിര്‍മിതമാണെന്ന് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി(ഡബ്ല്യുജിഇഇപി) ചെയര്‍മാനായിരുന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. നിര്‍ണായക പാരിസ്ഥിതിക ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ കേരള സര്‍ക്കാരിന്റെ വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കിടയിലും ഇത്തരം ദുരന്തങ്ങള്‍ തടയാന്‍ രൂപകല്‍പ്പന ചെയ്ത സമിതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് സംസ്ഥാന സര്‍ക്കാരിനെ ഗാഡ്ഗില്‍ വിമര്‍ശിച്ചു. പാനല്‍ റിപോര്‍ട്ടില്‍ പാരിസ്ഥിതിക സംവേദനക്ഷമതയുടെ അടിസ്ഥാനത്തില്‍ മൂന്ന് തലങ്ങളായി ഈ പ്രദേശത്തെ തരംതിരിച്ചിട്ടുണ്ട്. ഇപ്പോള്‍ ദുരന്തം ബാധിച്ച പ്രദേശങ്ങള്‍ അതീവ ലോല മേഖലയായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി. അതീവ ലോല മേഖലയായ ഈ പ്രദേശങ്ങളില്‍ ഒരു വികസനപ്രവര്‍ത്തനങ്ങളും നടക്കാന്‍ പാടില്ലായിരുന്നു. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഈ സോണുകള്‍ തേയിലത്തോട്ടങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. അതിനുശേഷം റിസോര്‍ട്ടുകളുടെയും കൃത്രിമ തടാകങ്ങളുടെയും നിര്‍മാണം ഉള്‍പ്പെടെ വിപുലമായ വികസനം നടന്നിട്ടുണ്ട്.

    ദുരന്തസ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ഈ ക്വാറികള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെങ്കിലും, അവയുടെ പ്രവര്‍ത്തന കാലയളവില്‍ ഉണ്ടായ ആഘാതങ്ങള്‍ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും കനത്ത മഴയില്‍ മണ്ണിടിച്ചിലിന് കാരണമാവുകയും ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    വയനാട്ടിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ആവര്‍ത്തിച്ചുള്ള ദുരന്തങ്ങള്‍ക്ക് ഇടയാക്കുമെന്ന പാനല്‍ റിപോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നുവെന്ന് ഗാഡ്ഗില്‍ ആരോപിച്ചു. 'ഇക്കോടൂറിസത്തിന്റെ മറവില്‍ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യ വികസനവും നടത്തി ദുര്‍ബലമായ പരിസ്ഥിതിയെ ശല്യപ്പെടുത്തിക്കൊണ്ട് ഈ പ്രദേശത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ അടുത്തിടെ ഒരു വ്യവസായി നിര്‍ദ്ദേശിച്ചു. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു അതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റിപോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗൗരവമേറിയതും ക്രിയാത്മകവുമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍, കാലാവസ്ഥാ വ്യതിയാനം മൂലം തീവ്രമായ മഴയും വരള്‍ച്ചയും ഉണ്ടാക്കുന്ന ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ റിപോര്‍ട്ട് ഗൗരവമായി എടുത്താല്‍ മാത്രമേ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനാവൂവെന്നും ഗാഡ്ഗില്‍ പറഞ്ഞു.

Tags:    

Similar News