ഈ ആഗോള വെല്ലുവിളിയെ ഒന്നിച്ച് നേരിടണം; ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഇമ്രാന്‍ ഖാന്‍
മനുഷ്യത്വവും ഒരുമയും ഉപയോഗിച്ച് ഈ ദുരന്തത്തെ നമുക്ക് അതിജീവിക്കാം'-ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
ഇസ്‌ലാമാബാദ്: കൊവിഡിന് എതിരെയുള്ള ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തില്‍ തങ്ങള്‍ ഐക്യപ്പെടുന്നതായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 'അയല്‍ രാജ്യത്തും ലോകത്തും രോഗം ബാധിച്ച് ദുരിതമനുഭവിക്കുന്ന എല്ലാ മനുഷ്യരും വേഗം സുഖംപ്രാപിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു. മനുഷ്യത്വവും ഒരുമയും ഉപയോഗിച്ച് ഈ ദുരന്തത്തെ നമുക്ക് അതിജീവിക്കാം'-ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയും കൊവിഡ് ബാധിച്ച ഇന്ത്യന്‍ കുടുംബങ്ങളോട് അനുഭാവം അറിയിച്ചു.
നേരത്തെ, ഇമ്രാന്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍, വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംകള്‍ നേര്‍ന്നിരുന്നു.7,90,016 കേസുകളാണ് പാകിസ്താനില്‍ ആകെ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.അതേസമയം ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതി തീവ്രമായിട്ടാണ് വ്യാപിക്കുന്നത്.
തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ചികിത്സയിലുള്ളവരുടെ എണ്ണവും 25 ലക്ഷത്തിന് മുകളിലായി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,46,786 പേര്‍ക്കാണ്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 25,52,940 ആയി.
കൊവിഡ് വ്യാപനത്തിനൊപ്പം തന്നെ മരണം നിരക്കും വര്‍ധിക്കുകയാണ്. 2624 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുവരെ 1,66,10,481 പേര്‍ക്ക് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 1,38,67,997 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 1,89,554 പേര്‍ മരണപ്പെട്ടു.