2024ല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിക്കണം: മമതാ ബാനര്‍ജി

Update: 2022-02-02 17:07 GMT

കൊല്‍ക്കത്ത: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ പ്രാദേശിക പാര്‍ട്ടികളും ഒന്നിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. എല്ലാവരും ഒരുമിച്ച് ബിജെപിക്കെതിരേ പോരാടണം. പശ്ചിമ ബംഗാളില്‍ സിപിഐഎമ്മിനെ പരാജയപ്പെടുത്താന്‍ കഴിയുമെങ്കില്‍ ദേശീയതലത്തില്‍ ബിജെപിയെ പരാജയപ്പെടുത്താമെന്നും ബാനര്‍ജി പറഞ്ഞു. ടിഎംസി ചെയര്‍പേഴ്‌സനായി എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത.

ബിജെപിയെ എതിര്‍ക്കുന്നവര്‍ ഒരേ വേദിയിലെത്തണം. 'ബിജെപിയുടെ പരാജയം' എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. അഹന്ത മൂലം മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ കുറ്റപ്പെടുത്തുന്നില്ല. ആവശ്യമെങ്കില്‍ ബിജെപിക്കെതിരേ ഒറ്റയ്ക്ക് പോരാടുമെന്നും മമത പറഞ്ഞു. മേഘാലയയിലും ചണ്ഡീഗഢിലും ബിജെപിയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് സഹായിച്ചിട്ടുണ്ട്.

മേഘാലയയിലെ ഭൂരിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാരും ടിഎംസിയിലേക്ക് മാറി. ചണ്ഡീഗഢില്‍ മേയര്‍ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പില്‍നിന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നതോടെ ബിജെപിക്ക് മേയര്‍ സ്ഥാനം നേടാനായി. വോട്ടെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം ആം ആദ്മി പാര്‍ട്ടി ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചെന്നും മമത കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ കബളിപ്പിക്കാനുള്ള 'വലിയ മണ്ടത്തരം' എന്നാണ് മമതാ ബാനര്‍ജി കേന്ദ്ര ബജറ്റിനെ വിശേഷിപ്പിച്ചത്. 'ഇത് സാധാരണക്കാര്‍ക്ക് ഒന്നുമില്ലാത്ത വലിയ വിഡ്ഢിത്തമാണ്.

രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടത് വജ്രമല്ല, മറിച്ച് ജോലിയും ഭക്ഷണവുമാണ്. പ്രധാനമന്ത്രിയും ധനമന്ത്രിയും ഇന്ത്യയുടെ ഭാവികൊണ്ട് കളിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി. പത്മഭൂഷണ്‍ പോലുള്ള അവാര്‍ഡുകള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. സന്ധ്യാ മുഖോപാധ്യായയെപ്പോലുള്ള ഒരു ഗായികയെ എങ്ങനെയാണ് അപമാനിക്കാന്‍ കഴിയുക? കേന്ദ്രത്തിനെതിരേ സംസാരിച്ചാല്‍ അവരെ ഭീഷണിപ്പെടുത്തുകയും പെഗസസ് ഉപയോഗിച്ച് ഫോണുകള്‍ ചോര്‍ത്തുകയും ചെയ്യും. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പാര്‍ട്ടി എംപിമാരോട് ആവശ്യപ്പെടുമെന്നും മമത പറഞ്ഞു.

Tags:    

Similar News