ബിജെപിയുടെ പരാജയം ഉറപ്പാക്കാന്‍ എല്‍ഡിഎഫും യുഡിഎഫും രാഷ്ട്രീയവിവേകം പ്രകടിപ്പിക്കണം: പോപുലര്‍ ഫ്രണ്ട്

ഫാഷിസത്തിനെതിരായ യഥാര്‍ഥ ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ അവര്‍ക്കു വോട്ടുരേഖപ്പെടുത്താന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു

Update: 2019-04-14 16:20 GMT

കോഴിക്കോട്: ഭരണഘടനയിലധിഷ്ഠിതമായ മതേതര ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ നിലനില്‍പ്പിന് ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ഉറപ്പുവരുത്തണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഈമാസം 23ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രചാരണരംഗത്ത് ബിജെപി മുന്‍തൂക്കം അവകാശപ്പെടുന്ന മണ്ഡലങ്ങളില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ രാഷ്ട്രീയവിവേകം പ്രകടിപ്പിക്കാന്‍ തയ്യാറാവണം. അടിസ്ഥാന ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി, വര്‍ഗീയവും വിഭാഗീയവുമായ അജണ്ടകളിലൂടെ മുന്നോട്ടുപോയ സര്‍ക്കാരാണ് കഴിഞ്ഞ അഞ്ചുവര്‍ഷം രാജ്യം ഭരിച്ചത്. സംഘപരിവാരത്തിന്റെയും അനുബന്ധ ഹിന്ദുത്വ വിഭാഗങ്ങളുടെയും സങ്കുചിത രാഷ്ട്രീയത്തിനൊപ്പം നിന്ന നരേന്ദ്രമോദി സര്‍ക്കാരിന് പൗരന്‍മാരുടെ സുരക്ഷ ഉറപ്പുവരുത്താനോ, ജനാധിപത്യാവകാശങ്ങള്‍ ഉറപ്പാക്കാനോ കഴിഞ്ഞിട്ടില്ല. പശുരാഷ്ട്രീയത്തിന്റെ പേരില്‍ തല്ലിക്കൊലകളും ആള്‍ക്കൂട്ട ആക്രമണങ്ങളും വ്യാപകമായി. ഇതിനെതിരേ ശബ്ദമുയര്‍ത്തിവരും തീവ്രഹിന്ദുത്വരുടെ കൊലക്കത്തിക്കിരയായി മാറി. മറുവശത്ത്, നോട്ടുനിരോധനവും ജിഎസ്ടിയും പോലുള്ള വികലനയങ്ങള്‍ സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി. വന്‍കിട വായ്പാതട്ടിപ്പുകള്‍ നടത്തിയ കുത്തകഭീമന്‍മാര്‍ സ്വതന്ത്രമായി രാജ്യംവിട്ടുപോവുകയും സമ്പദ്‌വ്യവസ്ഥ കൂടുതല്‍ അപകടത്തിലാവുകയും ചെയ്തു.
    ഇന്ധന വിലവര്‍ധനയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും യാതൊരു നിയന്ത്രണവുമില്ലാതെ കുതിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറാവാതെ തിരഞ്ഞെടുപ്പുകാലത്തും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിലൂടെ അധികാരം നിലനിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. ശബരിമല വിഷയത്തിന്റെ പേരില്‍ ബിജെപി സംസ്ഥാന പ്രസിഡന്റടക്കം പച്ചയ്ക്കു വര്‍ഗീയത പറഞ്ഞിട്ടും നിയന്ത്രിക്കാനോ നടപടിയെടുക്കാനോ കഴിയാത്ത സാഹചര്യം കേരളത്തിലും നിലനില്‍ക്കുന്നു. ഫാഷിസത്തെ ചെറുക്കണമെന്ന് ആവര്‍ത്തിക്കുന്ന എല്‍ഡിഎഫും യുഡിഎഫും ബിജെപിക്ക് സാധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങളില്‍ പോലും പരസ്പരം മല്‍സരിച്ച് മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന സ്ഥിതിവിശേഷം ആശങ്കാജനകമാണ്. ഫാഷിസത്തെ പരാജയപ്പെടുത്താന്‍ യോജിച്ച തിരഞ്ഞെടുപ്പുതന്ത്രം സ്വീകരിക്കാന്‍ ഇരുമുന്നണികളും തയ്യാറാവണം. ഫാഷിസത്തിനെതിരായ യഥാര്‍ഥ ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ അവര്‍ക്കു വോട്ടുരേഖപ്പെടുത്താന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു. മറ്റ് മണ്ഡലങ്ങളില്‍ ഫാഷിസത്തെ പരാജയപ്പെടുത്താന്‍ വിജയ സാധ്യത കൂടുതലുള്ള സ്ഥാനാര്‍ഥികള്‍ക്ക് സംഘടിതമായി വോട്ട് ചെയ്യണം. സാധ്യമായ മണ്ഡലങ്ങളില്‍ വര്‍ഗീയ ഫാഷിസത്തെ പരാജയപ്പെടുത്താന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതൃപരമായ പങ്ക് വഹിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.



Tags:    

Similar News