ഇന്ത്യയുടെ നിലനില്‍പ്പിന് ബിജെപിയെ പരാജയപ്പെടുത്തുക: പോപുലര്‍ ഫ്രണ്ട്
രാജ്യത്തിന്റെ ജനാധിപത്യ മതേതര പാരമ്പര്യം നിലനിര്‍ത്തുന്നതിനുവേണ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ജനങ്ങളോട് പ്രമേയത്തിലൂടെ അഭ്യര്‍ഥിച്ചു.
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജനാധിപത്യ മതേതര പാരമ്പര്യം നിലനിര്‍ത്തുന്നതിനുവേണ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ജനങ്ങളോട് പ്രമേയത്തിലൂടെ അഭ്യര്‍ഥിച്ചു. ചരിത്രത്തിലെ ഏറ്റവും മോശം ഭരണകൂടമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം രാജ്യം ഭരിച്ചത്. ഭരണത്തിന്റെ എല്ലാതലങ്ങളിലും എന്‍ഡിഎ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായിരുന്നു. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലവും വിഭാഗീയ ശക്തികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ പിന്തുണ മൂലവും രാജ്യത്തെ ജനങ്ങള്‍ ഇതുപോലെ ദുരിതമനുഭവിച്ച കാലഘട്ടം ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും വെറുപ്പിന്റെ രാഷ്ട്രീയത്തെ എതിര്‍ത്തവരുടെയും ജീവന് സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു. ഹിന്ദുത്വ രാഷ്ട്രീയത്തെ ചോദ്യം ചെയ്ത നിരവധിപേരാണ് സര്‍ക്കാരിന്റെ തണല്‍ അനുഭവിക്കുന്ന ഗുണ്ടാസംഘങ്ങളാല്‍ കൊല്ലപ്പെട്ടത്. ധാരാളം മുസ്‌ലിംകള്‍ നിഷ്ഠൂരമായ തല്ലിക്കൊലകള്‍ക്ക് ഇരയായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുന്നതും ഹിന്ദുത്വ സംഹിതകള്‍ക്ക് അനുസൃതമായി ചരിത്രം തിരുത്തി എഴുതാനുള്ള ശ്രമങ്ങളും ഇരുളടഞ്ഞ ഒരു ഭാവിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
മറുവശത്ത് 2014ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദി നല്‍കിയ ഓരോ വാഗ്ദാനങ്ങളും പൊള്ളയായിരുന്നുവെന്ന് തെളിഞ്ഞിരിക്കുന്നു. 'അച്ഛേ ദിന്‍' വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ നോട്ട് നിരോധനവും ജിഎസ്ടിയും പോലുള്ള നയങ്ങളിലൂടെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതോപാധിയാണ് തകര്‍ത്തത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പോലെ സല്‍പ്പേരുള്ള സ്ഥാപനങ്ങളില്‍ കൈകടത്തി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ച്ചയുടെ വക്കിലെത്തിച്ചു. കുത്തകകളും വര്‍ഗീയ ഭ്രാന്തന്മാരും മാത്രമാണ് മോദി ഭരണത്തിന്റെ ഗുണഫലം അനുഭവിച്ചത്. ഒരു മതേതര, ജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ നിലനില്‍പ്പിന്, ഒരു പേക്കിനാവായി മാറിക്കഴിഞ്ഞ ഈ സര്‍ക്കാരിനെ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ തള്ളേണ്ടത് അനിവാര്യമാണ്.
അതേസമയം, ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും നിലനില്‍പ്പിന് ജനങ്ങള്‍ ഐക്യപ്പെടണം എന്ന് ആവശ്യപ്പെടുമ്പോഴും പ്രതിപക്ഷവും മതേതര ശക്തികളും പരസ്പരം ഭിന്നിച്ച് ദുര്‍ബലപ്പെടുന്ന സാഹചര്യമാണുള്ളത്. അവര്‍ ഒരുമിച്ചു നില്‍ക്കാതെ പരസ്പരം മത്സരിക്കുന്നത് ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. അതിശക്തമായ ഭീഷണി നിലനില്‍ക്കുമ്പോഴും ഫാഷിസത്തെ പരാജയപ്പെടുത്തുവാന്‍ യോജിച്ച തിരഞ്ഞെടുപ്പു തന്ത്രം മെനയാന്‍ ഇക്കൂട്ടര്‍ക്ക് കഴിയുന്നില്ല.
ഇതിനിടയിലും ഫാഷിസത്തിനെതിരെ ജനകീയ ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് എസ്ഡിപിഐ പോലുള്ള കക്ഷികള്‍ രംഗത്തുള്ളത് പ്രതീക്ഷ നല്‍കുന്നു. എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന സ്ഥലങ്ങളില്‍ അവര്‍ക്ക് വോട്ടുചെയ്യണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു. മറ്റ് മണ്ഡലങ്ങളില്‍ ഫാഷിസത്തെ പരാജയപ്പെടുത്തുവാന്‍ വിജയ സാധ്യത കൂടുതലുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് സംഘടിതമായി വോട്ട് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. സാധ്യമായ മണ്ഡലങ്ങളില്‍ വര്‍ഗീയ ഫാഷിസത്തെ പരാജയപ്പെടുത്തുവാന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതൃപരമായ പങ്ക് വഹിക്കുമെന്നും ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വ്യക്തമാക്കി.
ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന, വൈസ് പ്രസിഡന്റ് ഒ എം എ സലാം, സെക്രട്ടറിമാരായ അനീസ് അഹമ്മദ്, അബ്ദുല്‍ വാഹിദ് സേട്ട്, ദേശീയ സമിതി അംഗങ്ങളായ പ്രഫ. പി കോയ, അഡ്വ. യൂസുഫ് മധുര, യാ മൊയ്തീന്‍, മുഹമ്മദ് റോഷന്‍ പങ്കെടുത്തു.