പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്‌ക്യൂ ആന്റ് റിലീഫ് ജില്ലാതല ഉദ്ഘാടനം ജൂലൈ 19ന്

Update: 2022-07-17 16:54 GMT

മാനന്തവാടി: പ്രകൃതിദുരന്തങ്ങളില്‍ വയനാട് ജില്ലക്കാര്‍ക്ക് കൈത്താങ്ങാകാന്‍ വോളണ്ടിയര്‍മാരെ സജ്ജമാക്കാന്‍ പോപുലര്‍ ഫ്രണ്ട് വയനാട് ജില്ലയില്‍ റെസ്‌ക്യൂ ആന്റ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ആവര്‍ത്തിച്ചുണ്ടാവുന്ന പ്രകൃതിദുരന്തങ്ങള്‍ വയനാടിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന സാഹചര്യമാണ് കഴിഞ്ഞ നാലുവര്‍ഷമായി വയനാട് ജില്ലയില്‍ തുടരുന്നത്. പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമായ ജില്ലയില്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ പലപ്പോഴും ജനങ്ങള്‍ക്ക് രക്ഷയും ആശ്വാസവുമായി എത്തുന്നത് സന്നദ്ധസംഘടനകളും നാട്ടുകാരുമാണ്. ഈയൊരു ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തന പരിശീലനം സിദ്ധിച്ച സമര്‍പണബോധവും ത്യാഗസന്നദ്ധതയുമുള്ള വോളണ്ടിയര്‍മാരെ സജ്ജമാക്കേണ്ടതുണ്ട് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ റസ്‌ക്യൂ ആന്റ് റിലീഫ് വോളണ്ടിയേഴ്‌സ് ഗ്രൂപ്പ് രൂപീകരിക്കുന്നത്.

ഇതിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (2022 ജൂലൈ 19, ചൊവ്വ ) വൈകുന്നേരം 3 മണിക്ക് മാനന്തവാടി എരുമത്തെരുവിലുള്ള ഗ്രീന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും. സംഘടന സംസ്ഥാന, സോണല്‍ നേതാക്കള്‍ അടക്കം പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിക്കും.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ ദുരന്തങ്ങളില്‍ സഹായഹസ്തവുമായി എത്തിയവരുടെ മുന്‍നിരയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരും വോളണ്ടിയര്‍മാരും സജീവമായിരുന്നു. മൃതദേഹങ്ങള്‍ കണ്ടെടുക്കല്‍, രക്ഷാദൗത്യം, ദുരിതാശ്വാസം, പുനരധിവാസം തുടങ്ങിയ മേഖലകളിലാണ് വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. കൊവിഡ് ദുരന്തകാലത്തും സംഘടന സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാതെ ജനം ഭീതിയിലായപ്പോള്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മരണാനന്തര കര്‍മങ്ങള്‍ക്ക് രംഗത്തെത്തി പലയിടങ്ങളിലും മാതൃകയായിട്ടുണ്ട്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടങ്ങളില്‍ വ്യത്യസ്തങ്ങളായ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളാണ് സംഘടനയുടെ നേതൃത്വത്തില്‍ നടന്നത്.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായും,സംഘടിതമായും നിര്‍വഹിക്കുന്നതിന് പ്രാദേശികമായി പൊതുജനങ്ങളെയും പ്രവര്‍ത്തകരെയും സഹകരിപ്പിച്ച് പരിശീലനം സംഘടിപ്പിക്കാനുദ്ദേശിക്കുന്നു. ഇതിന്റെ മുന്നോടിയായാണ് ജില്ലാതല ഉദ്ഘാടന വേദിയില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത്.

Tags:    

Similar News