ഫേസ് ബുക്ക് സ്റ്റാറ്റസായി മാരകായുധങ്ങള്‍; ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ റെയ്ഡ് പ്രഹസനം, 'പക്വതയില്ലാത്തയാളാണെ'ന്ന് പോലിസ്
കണ്ണൂര്‍: വടിവാളുകളും എസ് കത്തിയും ഉള്‍പ്പെടെയുള്ളവ മാരകായുധങ്ങളുടെ വീഡിയോ ഫേസ് ബുക്ക് സ്റ്റാറ്റസാക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ പോലിസിന്റെ റെയ്ഡ് പ്രഹസനം. ഉളിയില്‍ പടിക്കച്ചാല്‍ സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ആര്‍എസ്എസ് തില്ലങ്കേരി മണ്ഡല്‍ ശാരീരിക് പ്രമുഖ് അഖിലിന്റെ വീട്ടുപരിസരത്ത് പരിശോധനയ്‌ക്കെന്ന പേരിലെത്തി മുഴക്കുന്ന് പോലിസ് മടങ്ങി. അഖില്‍ പക്വതയില്ലാത്തയാളാണെന്നാണ് പോലിസിന്റെ ന്യായീകരണം. കഴിഞ്ഞ ദിവസമാണ് അഖിലിന്റെ ഫേസ് ബുക്ക് സ്റ്റോറീസില്‍ മാരകായുധങ്ങളുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. എസ് കത്തി, കൊടുവാള്‍, വടിവാളുകള്‍, കത്തിവാള്‍ തുടങ്ങിയ മാരകായുധ ശേഖരമാണ് അഖില്‍ ദ്രോണ എന്ന ഫേസ് ബുക്ക് അക്കൗണ്ടിലൂടെ പ്രദര്‍ശിപ്പിച്ചത്. സംഭവത്തില്‍ എഡ് ഡിപി ഐ പടിക്കച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റ് എ ജാഫര്‍ മുഴക്കുന്ന് പോലിസിനും ഇരിട്ടി ഡിവൈഎസ്പിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അഖിലിന്റെ വീട്ടുപരിസരത്ത് പോലിസെത്തിയത്. എന്നാല്‍, പോലിസെത്തുമ്പോള്‍ അഖില്‍ വീട്ടിലുണ്ടായിരുന്നില്ല. പ്രദേശത്തെ ആര്‍എസ്എസ് നേതാക്കളെ വിവരമറിയിച്ചാണ് പോലിസ് സ്ഥലത്തെത്തിയതെന്നും സമീപവാസികള്‍ പറഞ്ഞു.
നേരത്തേ, കണ്ണവം സയ്യിദ് സ്വലാഹുദ്ദീന്‍ വധക്കേസില്‍ പ്രതിഷേധിച്ച് എസ് ഡിപിഐ നടത്തിയ പ്രകടനത്തിനു നേരെ പടിക്കച്ചാലില്‍ ബോംബെറിഞ്ഞ കേസില്‍ ജയിലില്‍ കഴിഞ്ഞ പ്രതിയാണ് അഖില്‍. പ്രദേശത്ത് ആര്‍എസ്എസ് വ്യാപകമായി ബോംബും ആയുധങ്ങളും നിര്‍മിക്കുന്നതായി നേരത്തേ പോലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. ആര്‍എസ്എസിനു സ്വാധീനമുള്ള പടിക്കച്ചാലില്‍ രണ്ടു മാസം മുമ്പ് പടിക്കച്ചാലിലെ ഒരു വീട്ടിനു പുറത്ത് കളിക്കുകയായിരുന്ന കുട്ടികള്‍ കളിക്കോപ്പെന്നു കരുതി എടുത്ത വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റിരുന്നു. പ്രദേശത്ത് തന്നെ ഒരു ഡസനിലേറെ സ്‌ഫോടനങ്ങള്‍ സമീപകാലത്തുണ്ടായതായും എസ്ഡിപി ഐ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പോലിസിന്റെ നിസ്സംഗതയ്‌ക്കെതിരേ പ്രദേശത്ത് പ്രതിഷേധം ശക്തമാവുന്നുണ്ട്.