എന്‍ഡിഎ വിട്ടു; ശിരോമണി അകാലിദള്‍ നേതാവിന്റെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ കേന്ദ്രം പിന്‍വലിച്ചു
അടുത്തിടെ വിവിധ വിഷയങ്ങളില്‍ അകാലിദള്‍ നേതൃത്വം ബിജെപിയെ കടന്നാക്രമിച്ചപ്പോള്‍ അവരോട് താരതമ്യേന മൃദുസമീപനം സ്വീകരിച്ച നേതാവായിരുന്നു ബിക്രം സിങ് മജിതിയ.
ചണ്ഡിഗഡ്: ശിരോമണി അകാലിദള്‍ (എസ്എഡി) ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വിട്ട് രണ്ടു മാസം തികയുന്നതിനു മുമ്പെ പാര്‍ട്ടി നേതാവ് ബിക്രം സിങ് മജിതിയയുടെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷാ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. അടുത്തിടെ വിവിധ വിഷയങ്ങളില്‍ അകാലിദള്‍ നേതൃത്വം ബിജെപിയെ കടന്നാക്രമിച്ചപ്പോള്‍ അവരോട് താരതമ്യേന മൃദുസമീപനം സ്വീകരിച്ച നേതാവായിരുന്നു ബിക്രം സിങ് മജിതിയ.
കേന്ദ്രത്തിന്റെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ പെരുമാറ്റത്തിനെതിരേ അകാലിദള്‍ തലവന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ അടുത്തിടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. മുന്‍ മന്ത്രിയും മുതിര്‍ന്ന അകാലി നേതാവുമായ ബിക്രം സിങ് മജിതിയയുടെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷാ പിന്‍വലിക്കാനുള്ള ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏകപക്ഷീയവും സ്വേച്ഛാധിപത്യപരവും രാഷ്ട്രീയ പ്രേരിതവുമായ തീരുമാനത്തെ എസ്എഡി അപലപിക്കുന്നുവെന്ന് എന്‍ഡിഎ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച എസ്എഡി വക്താവ് ദല്‍ജിത് സിംഗ് ചീമ പറഞ്ഞു.
കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കും ജമ്മു കശ്മീരില്‍ പഞ്ചാബിക്ക് ഔദ്യോഗിക ഭാഷാ പദവി നിഷേധിച്ചതിനെതിരെയും നിലപാട് സ്വീകരിച്ചതിനാലാണ് മജിതിയയുടെ സുരക്ഷാ പരിരക്ഷ പിന്‍വലിച്ചതെന്ന് മുതിര്‍ന്ന എസ്എഡി നേതാവ് കൂടിയായ ചീമ പ്രസ്താവനയില്‍ പറഞ്ഞു.