തങ്ങള്‍ക്കു സ്വാതന്ത്ര്യം ലഭിച്ചതായി കരുതും; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന ബിജെപി വാഗ്ദാനത്തോടു പ്രതികരിച്ച് ഫാറൂഖ് അബ്ദുല്ല

Update: 2019-04-08 15:42 GMT

ശ്രീനഗര്‍: ജമ്മുകശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനത്തില്‍ പ്രതികരണവുമായി നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതോടെ തങ്ങള്‍ക്കു സ്വാതന്ത്ര്യം ലഭിച്ചതായി കരുതുമെന്നും തങ്ങള്‍ ഇന്ത്യയുടെ ഭാഗമല്ലാതാവുമെന്നുമായിരുന്നു ഫാറൂഖ് അബ്ദുല്ലയുടെ പ്രതികരണം. ശ്രീനഗറില്‍ നടന്ന തിരഞ്ഞെടുപ്പ്് റാലിയില്‍ സംസാരിക്കുകയായിരുന്നു ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഫാറൂഖ് അബ്ദുല്ല. അധികാരത്തിലെത്തിയാല്‍ ജമ്മുകശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്നാണു ബിജെപി പറയുന്നത്. അല്ലാഹുവിനെ സാക്ഷിയാക്കി ഞാന്‍ പറയുന്നു, നിങ്ങള്‍ അങ്ങിനെ ചെയ്യുകയാണെങ്കില്‍ നിങ്ങളില്‍ നിന്നു സ്വാതന്ത്ര്യം ലഭിച്ചതായി ഞങ്ങള്‍ കരുതും. തങ്ങള്‍ക്കു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു നല്‍കിയതാണ്. അത് ഞങ്ങളുടെ അവകാശമാണ്. ഞങ്ങള്‍ ഒരു മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനം തന്നെയാണ്. അതിലാര്‍ക്കും സംശയം വേണ്ട. തങ്ങളുടെ പ്രത്യേകാധികാരങ്ങള്‍ റദ്ദാക്കി, പുറത്തു നിന്നുള്ളവരെ ഇവിടെ കൊണ്ടുവരാമെന്നാണോ നിങ്ങള്‍ കരുതുന്നത്?. ഞങ്ങളുടെ എണ്ണം കുറക്കാമെന്നാണോ നിങ്ങള്‍ കരുതുന്നത്?. ഇങ്ങിനെയെല്ലാം ചെയ്യുമ്പോള്‍ ഞങ്ങള്‍ ഉറങ്ങിക്കിടക്കണോ. തീര്‍ച്ചയായും ഞങ്ങള്‍ പോരാടുക തന്നെ ചെയ്യും. നിങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്നത് ചെയ്യുക. എന്നിട്ടു ഞങ്ങള്‍ എന്തു ചെയ്യുമെന്നു കാത്തിരുന്നു കാണുക- ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതോടെ ജമ്മുകശ്മീരിനു ഇന്ത്യയുമായുള്ള ബന്ധം തീരുമെന്നു മുന്‍മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ നേരത്തെ പറഞ്ഞിരുന്നു. 

Tags:    

Similar News