ബംഗാള്‍: 35 മണ്ഡലങ്ങളിലേക്കുള്ള എട്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; കൊല്‍ക്കത്തയില്‍ ബോംബേറ്

.35 മണ്ഡലങ്ങളിലേക്ക് 283 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 84 ലക്ഷം വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും.

Update: 2021-04-29 04:21 GMT

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ എട്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 35 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് 6.30ന് അവസാനിക്കും.35 മണ്ഡലങ്ങളിലേക്ക് 283 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 84 ലക്ഷം വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും. 11,860 പോളിങ് സ്‌റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

അതിനിടെ വടക്കന്‍ കൊല്‍ക്കത്തയിലെ മഹാജാതി സദന്‍ ഓഡിറ്റോറിയത്തിനു സമീപം അക്രമികള്‍ ക്രൂഡ് ബോംബ് എറിഞ്ഞു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപോര്‍ട്ട് തേടി. രാജ്യത്ത് കൊവിഡ് കേസുകള്‍ അനിയന്ത്രിതമാം വിധം പടരുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ പതിനായിരത്തില്‍ കൂടുതല്‍ കൊവിഡ് കേസുകളാണ് ബംഗാളില്‍ റിപോര്‍ട്ട് ചെയ്യുന്നത്. രോഗ വ്യാപന പശ്ചാത്തലത്തില്‍ അവസാന മൂന്ന് ഘട്ട തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമ്മിഷന്‍ ഇക്കാര്യം അംഗീകരിച്ചിരുന്നില്ല.

ബംഗാളിലെ അവസാന ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് അവസാനിക്കും.

Tags:    

Similar News